ബന്ധുവീട്ടിൽ വിരുന്നെത്തിയ ഒന്പതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു
Monday, October 2, 2023 5:05 AM IST
തിരൂർ: തിരുനാവായ പല്ലാർ പാലത്തിൻകുണ്ട് വാലില്ലാപ്പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വാക്കാട് സ്വദേശി മമ്മിക്കാന്റകത്ത് റഹീം -സൈഫുന്നീസ ദന്പതിമാരുടെ മകൻ മുസമ്മിൽ (ഒന്പത്) ആണു മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു മുസമ്മിൽ.
ബന്ധുവീടിന്റെ സമീപത്തുകൂടി ഒഴുകുന്ന വാലില്ലാപ്പുഴയിലേക്കു കുട്ടി കാൽതെന്നി വീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ കുട്ടിയെ മുങ്ങിയെടുത്ത് കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാക്കാട് ജുമാ മസ്ജിദിൽ കബറടക്കും.