കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു
Sunday, October 1, 2023 1:33 AM IST
കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായ സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.
മകള്‍ക്കൊപ്പം കാക്കനാട് പാലച്ചുവട്ടിലായിരുന്നു താമസം. പ്രമുഖ മാധ്യമങ്ങളിൽ കാര്ട്ടൂണുകള് വരച്ചിട്ടുള്ള സുകുമാര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നര്‍മകൈരളിയുടെയും സ്ഥാപകനേതാവാണ്. സംസ്കാരം ഇന്ന് മൂന്നിന് തൃപ്പൂണിത്തുറ എന്പ്രാന്‍ മഠം ശ്മശാനത്തില്‍.
തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932 ജൂലൈ ഒമ്പതിനാണ് ജനനം. എസ്. സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ഥ നാമം. മലയാളി ദിനപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാര്‍ട്ടൂണില്‍ ആദ്യഗുരു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1950 ല്‍ വികടനിലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 1957ല്‍ പോലീസ് വകുപ്പില്‍ ജോലിക്ക് കയറി. 1987ല്‍ സിഐഡി വിഭാഗത്തില്‍നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. 2019 ല്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് താമസം മാറ്റി. കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസ്യഗ്രന്ഥങ്ങള്‍ സുകുമാറിന്റേതായുണ്ട്.
ഭാര്യ: പരേതയായ സാവിത്രി അമ്മാള്‍. മക്കള്‍: സുമംഗല, പരേതയായ രമ. മരുമകന്: കെ.ജി. സുനില്‍ (ഹിന്ദുസ്ഥാന്‍ ലിവര്‍ റിട്ട. ഉദ്യോഗസ്ഥന്).