കൈക്കൂലി ആരോപണം: അഖില്‍ സജീവിനെതിരേ അഭിഭാഷകന്
Friday, September 29, 2023 3:07 AM IST
കൊച്ചി: മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്ന കേസിലെ ഇടനിലക്കാരന് അഖില്‍ സജീവ് ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയിരുന്നെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്.
നോര്‍ക്ക റൂട്ട്സില്‍ ജോലി വാഗ്ദാനം ചെയ്താണു അഖില്‍ അഞ്ചു ലക്ഷം രൂപ തന്റെ പക്കല്‍നിന്നു വാങ്ങിയതെന്ന് കൊച്ചിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ശ്രീകാന്ത് ഇടുക്കപ്പാറയ്ക്കല് പറഞ്ഞു. പണം നല്‍കിയിട്ടും ജോലി ലഭിക്കാതായതോടെ താന്‍ സിപിഎമ്മിനു പരാതി നല്കി. ഇതോടെ സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന അഖിലിനെ തത്സ്ഥാനത്തുനിന്ന് നീക്കി. തുടര്‍ന്നാണ് തനിക്ക് തുക തിരികെ ലഭിച്ചതെന്നും ശ്രീകാന്ത് വെളിപ്പെടുത്തി.
2020 സെപ്റ്റംബറില്‍ സുഹൃത്തും അഭിഭാഷകനുമായ ലെനിന് രാജ് മുഖേന ജിക്കു ജേക്കബ് എന്നയാള്‍ വഴിയാണു അഖില്‍ സജീവിനെ പരിചയപ്പെടുന്നത്. നോര്‍ക്ക റൂട്ട്സില്‍ ക്ലെറിക്കല്‍ പോസ്റ്റിലേക്ക് ജോലി നല്‍കാമെന്നു പറഞ്ഞ് പത്തു ലക്ഷം രൂപ അഖില്‍ ആവശ്യപ്പെട്ടു.
അഡ്വാന്‍സായി അഞ്ചു ലക്ഷം രൂപ അക്കൗണ്ട് മുഖേന അയച്ചു നല്‍കണമെന്നും നിയമന ഉത്തരവ് ലഭിച്ചശേഷം ബാക്കി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ. തുടര്‍ന്ന് ഒക്ടോബറില്‍ അഞ്ചു ലക്ഷം രൂപ അഖിലിന്റെ അക്കൗണ്ടിലേക്ക് അയച്ചു.
അന്ന് അഖില്‍ സിഐടിയു ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിപാടുള്ളയാളെന്നു വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ പ്രാദേശിക നേതാവായ ജയകുമാര്‍ വള്ളിക്കോടിനെ കാണിച്ചായിരുന്നു നിയമന വാഗ്ദാനം.
എന്നാല്‍, പണം നല്‍കിയിട്ടും തുടര്‍നടപടി ഇല്ലാതായതോടെയാണു തട്ടിപ്പ് മനസിലായത്. അഖിലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആ സമയത്തുണ്ടായ പിന്‍വാതില്‍ നിയമനമടക്കമുള്ള കാരണങ്ങളാലാണു നിയമനം വൈകുന്നതെന്നായിരുന്നു മറുപടി.
പിന്നീട് ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ പരാതിപ്പെട്ടപ്പോള്‍ തുക ഒരു മാസത്തിനുള്ളില്‍ തിരിച്ചുനല്‍കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു. ഇതോടെ പല തവണകളായാണു പണം തിരികെ നല്‍കിയതെന്നും ശ്രീകാന്ത് പറഞ്ഞു.
പണം തിരികെ കിട്ടിയതുകൊണ്ടാണ് അന്നു പരാതിപ്പെടാതിരുന്നത്. അഖില്‍ സജീവിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപനുമായി അടുത്ത ബന്ധമുള്ളതായും ശ്രീകാന്ത് ആരോപിച്ചു.