കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഉന്നത നേതാക്കള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ഇഡി
Friday, September 29, 2023 3:07 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉന്നത രാഷ്ട്രീയനേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പണം ഉപയോഗിച്ചും ബിനാമികളെ ഉപയോഗിച്ചും നടത്തിയ വസ്തു ഇടപാടുകള്‍ കണ്ടെത്താനും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്. അരവിന്ദാക്ഷനെയും ബാങ്കിലെ ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സിനെയും കലൂരിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഇഡി വ്യക്തമാക്കിയിട്ടുള്ളത്.
തട്ടിപ്പ് ആസൂത്രണം ചെയ്തവര്‍ ബിനാമിപ്പേരുകളും കറൻസികളും ഉപയോഗിച്ചുമാണ് ഇടപാടുകള്‍ നടത്തിയത്. സാധാരണക്കാരായ നിരവധി പേര്‍ക്കാണു നിക്ഷേപത്തുക നഷ്ടമായത്. അന്വേഷണവുമായി പ്രതികള്‍ സഹകരിക്കാത്തതിനാല്‍ വിവരങ്ങളും ബാങ്കുകളില്‍നിന്നുള്ള രേഖകളും ലഭിക്കാന്‍ താമസം നേരിടുന്നുണ്ടെന്നും ഇഡി വ്യക്തമാക്കി.
പി.ആര്. അരവിന്ദാക്ഷന് അമ്മയുടെ പേരില്‍ 63.56 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്. പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ പി.ആര്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടില്‍ 63,56,460 രൂപയുടെ നിക്ഷേപമാണുള്ളത്. കാര്‍ഷിക പെന്‍ഷനായി പ്രതിമാസം ലഭിക്കുന്ന 1600രൂപ മാത്രമാണ് അമ്മയുടെ വരുമാനമാര്‍ഗം. മകന് എന്നപേരില്‍ ശ്രീജിത്ത് എന്നയാളെയാണ് അവകാശിയായി ചേര്‍ത്തിരിക്കുന്നതെങ്കിലും ചന്ദ്രമതിക്ക് ശ്രീജിത്ത് എന്നപേരുള്ള മകന് ഇല്ലെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
തട്ടിപ്പു നടന്ന കാലത്ത് അരവിന്ദാക്ഷന്റെ ഭാര്യ ഷീലയുടെ പേരിലുള്ള സ്ഥലം ദുബായില്‍ താമസിക്കുന്ന അജിത് മേനോന് 85 ലക്ഷം രൂപയ്ക്കു വിറ്റിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്കാന് അരവിന്ദാക്ഷന് തയാറാകുന്നില്ല. മാത്രമല്ല, വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. സതീഷ് കുമാറിനൊപ്പം അരവിന്ദാക്ഷനും ദുബായ് സന്ദര്‍ശിച്ചിട്ടുണ്ട്.
ചാക്കോ എന്നയാള്‍ക്കൊപ്പം രണ്ടുതവണയും ദുബായ് സന്ദര്‍ശിച്ചു. യാത്രയുടെ പൂര്‍ണവിവരങ്ങളും അരവിന്ദാക്ഷന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാള്‍ നല്‍കുന്നില്ലെന്നും ഇഡി അറിയിച്ചു.
അറസ്റ്റിലായ ബാങ്കിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ് 2011നും 2019നുമിടയില്‍ 11 സ്ഥലങ്ങൾ വില്പന നടത്തിയിട്ടുണ്ട്. ഇത്രയും സ്ഥലം വാങ്ങാനുള്ള പണത്തിന്റെ ഉറവിടവും വിറ്റുകിട്ടിയ പണം എന്തുചെയ്തു തുടങ്ങിയ കാര്യങ്ങളും വെളിപ്പെടുത്താന്‍ ജില്‍സ് തയാറായിട്ടില്ല.
ഓര്‍മയില്ലെന്നാണു പറയുന്നത്. കൂടാതെ ജില്‍സ് ചുമതല വഹിച്ചിരുന്ന ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ 1.53 കോടി രൂപയുടെ വസ്തുക്കള്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നതിനെക്കുറിച്ചും വെളിപ്പെടുത്താന്‍ ജില്‍സ് തയാറാകുന്നില്ലെന്നും ഇഡി കോടതിയില്‍ അറിയിച്ചു.
അതേസമയം, പി.ആര്. അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും ഒക്ടോബര്‍ പത്തു വരെ കോടതി റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്കു മാറ്റി.