എം.കെ. കണ്ണന് വീണ്ടും ഇഡിക്കു മുന്നിലേക്ക്
Friday, September 29, 2023 3:07 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്നു വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാം തവണയാണ് കണ്ണനെ ഇഡി ചോദ്യംചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേരെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കണ്ണന്റെ ചോദ്യം ചെയ്യല്‍ നടപടികള്‍ സിപിഎം സംസ്ഥാന നേതൃത്വം ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്.
അറസ്റ്റിലായ അരവിന്ദാക്ഷന്റെ ഇടപാടുകളെപ്പറ്റി അറിയില്ലെന്നു കണ്ണന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അരവിന്ദാക്ഷനെ സംരക്ഷിക്കുന്ന ഉന്നതരെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുമെന്നും സിപിഎം ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യമടക്കമുള്ള കാര്യങ്ങള്‍ക്കും സിപിഎം നീക്കമാരംഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്റെ വീട്ടിലുള്‍പ്പെടെ പരിശോധന നടത്തിയിട്ടും അദ്ദേഹത്തെ ചോദ്യംചെയ്തിട്ടും തെളിവൊന്നും കണ്ടെത്താനായില്ല എന്നായിരുന്നു സിപിഎം അവകാശവാദം.