തലമുറകൾക്കു വഴികാട്ടി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Friday, September 29, 2023 3:07 AM IST
കൊച്ചി: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടിയ പ്രതിഭയാണെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദിനാൾ ആലഞ്ചേരി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു.
കേരളത്തിന്റെ കാർഷിക പശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അദ്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്.
ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നതവിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ തന്റെ അറിവ് നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിക്കായി അദ്ദേഹം വിനിയോഗിച്ചു. പട്ടിണിയുടെ ഭീകരമുഖം നേരിട്ടു കണ്ട അദ്ദേഹം മനുഷ്യരുടെ വിശപ്പ് മാറ്റുന്നതിനുവേണ്ടി ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കുകയും അവ നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങളും വിഭാവനം ചെയ്ത പദ്ധതികളും പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ അർഹനാക്കി. കുട്ടനാട്ടിലെ നെൽകൃഷിയുടെ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവച്ച പദ്ധതിയും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോ. സ്വാമിനാഥനുമായുള്ള വ്യക്തിപരമായ ബന്ധം കർദിനാൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദർശനങ്ങളും കർമധീരതയും സ്വായത്തമാക്കി രാജ്യത്തിന്റെ കാർഷിക പുരോഗതിക്കുവേണ്ടി സമർപ്പണം ചെയ്യുന്നതാണ് ഡോ. സ്വാമിനാഥന് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്ന് മാർ ആലഞ്ചേരി പറഞ്ഞു.