ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന വാർഷികം രണ്ടിന് ചെമ്പേരിയിൽ
Friday, September 29, 2023 3:07 AM IST
കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് 76-ാം വാർഷികാഘോഷം തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ ഒക്ടോബർ രണ്ടിന് നടക്കും.
ഉച്ചയ്ക്ക് 1.30ന് വിമൽജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
“ജൂബിലിനിറവിൽ പ്രേഷിതരാകാം, തോമാശ്ലീഹാ തൻ വഴിയെ’’ എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി 2022-23 പ്രവർത്തനവർഷത്തിൽ ശാഖ, മേഖല, രൂപത തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ഗോൾഡൻ സ്റ്റാർ, സിൽവർ സ്റ്റാർ, മിഷൻ സ്റ്റാർ പുരസ്കാരങ്ങളും അതിരൂപത തലത്തിലുള്ള പ്രേഷിത അവാർഡും ജയ്സൺ മർക്കോസ് പ്രേഷിത അവാർഡും ആർച്ച്ബിഷപ് വിതരണം ചെയ്യും.
തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് പ്രേഷിതറാലി നടക്കും. കോളജ് അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന റാലി ചെമ്പേരി ലൂർദ്മാതാ ദേവാലയങ്കണത്തിൽ സമാപിക്കും.