വായ്പ ശരിയാക്കിയതിന് എം.കെ. കണ്ണൻ മൂന്നര ലക്ഷം കമ്മീഷൻ പറ്റിയെന്ന്
Friday, September 29, 2023 3:07 AM IST
തൃശൂർ : സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണനും കരുവന്നൂർ തട്ടിപ്പു കേസിലെ പ്രതി സതീഷ്കുമാറും തമ്മിൽ അടുത്ത ബന്ധമാണെന്നും വായ്പ ശരിയാക്കി തന്നതിന് ലക്ഷങ്ങൾ കണ്ണൻ കമ്മീഷൻ ആയി കൈപ്പറ്റിയെന്നും ആരോപിച്ച് വാടാനപ്പള്ളി സ്വദേശി.
സതീഷ് കുമാറുമായി തനിക്ക് ഇടപാടുകൾ ഒന്നുമില്ലെന്നും കമ്മീഷൻ കൈപ്പറ്റിയിട്ടില്ലെന്നുമുള്ള കണ്ണന്റെ വാദത്തെ വെല്ലുവിളിച്ച് വാടാനപ്പള്ളി സ്വദേശി വി.ബി. സജിലനാണ് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു സജിലൻ. ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു വാർത്താസമ്മേളനം.
യൂകോ ബാങ്കിലെ തന്റെ 17 ലക്ഷം രൂപയുടെ കടം ടേക്ക് ഓവർ ചെയ്യാനായി തൃശൂർ ജില്ലാ സഹകരണ ബാങ്കിൽനിന്ന് 70 ലക്ഷം സതീഷ്കുമാർ മുഖേന വായ്പയെടുത്തുവെന്നു സജിലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിൽ 30 ലക്ഷം രൂപ കമ്മീഷനായി സതീഷ്കുമാറിനു കൈമാറിയതിൽ മൂന്നര ലക്ഷം രൂപ എം.കെ. കണ്ണൻ കൈപ്പറ്റിയെന്നും, കണ്ണനെ ഷൊർണൂർ റോഡിലെ പാർട്ടി ഓഫീസിൽവച്ച് കണ്ടിരുന്നുവെന്നും സജിലൻ ആരോപിച്ചു.