കനത്ത മഴ: തീക്കോയിയിലും തലനാട്ടിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും
Friday, September 22, 2023 5:23 AM IST
ഈരാറ്റുപേട്ട: കനത്ത മഴയില്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ തലനാട്ടിലും തീക്കോയിയിലും വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. ഈരാറ്റുപേട്ടയ്ക്കു സമീപം തലനാട് പഞ്ചായത്തിലെ വെള്ളാനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, വെള്ളികുളം, ആനിപിലാവ്, മംഗളഗിരി എന്നിവിടങ്ങളില്‍ വലിയ മണ്ണിടിച്ചിലുമുണ്ടായി. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാലും അപകടസാധ്യത ഏറിയതിനാലും മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
തീക്കോയി-മംഗളഗിരി റോഡിലും വെള്ളാനി-ആനിപിലാവ് റോഡിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ തീക്കോയി ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് ചാത്തപ്പുഴ പാലത്തില്‍ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ചാമപ്പാറ, ചാത്തപ്പുഴ എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ വെള്ളികുളം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു പ്രദേശത്ത് ശക്തമായ മഴ ആരംഭിച്ചത്.
മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലും തുടര്‍ന്ന് ഉരുള്‍പൊട്ടലുമുണ്ടായത്. രാത്രി വൈകിയും റോഡുകളിലെ ഗതാഗതതടസം നീക്കം ചെയ്യുന്ന ജോലികള്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തുടരുകയാണ്. രാത്രി വൈകി റോഡ് ഗതാഗതം പുനരാരംഭിച്ചു.