അവയവമാറ്റത്തിനു വിധേയരായവരുടെ കായികമേള ഡിസംബറില്‍
Friday, September 22, 2023 5:23 AM IST
കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഡിസംബര്‍ ഒന്‍പതിന് കൊച്ചിയില്‍ നടക്കും.
കടവന്തറ റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ പ്രധാന വേദിയാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം, ലുലു മാള്‍ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.
അവയവമാറ്റത്തിനു വിധേയരായവര്‍ക്ക് നിശ്ചിത കാലയളവിനുശേഷം സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏഴു മുതല്‍ 70 വയസ് വരെയുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല് തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്ക്കുമായാണ് മത്സരം. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ മരണാനന്തരം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാം.
ബൗളിംഗ്, ബാഡ്മിന്റണ്‍, ചെസ്, അമ്പെയ്ത്ത്, കാരംസ്, ബാസ്കറ്റ് ബോള്‍, ഷൂട്ടൗട്ട്, ടേബിള്‍ ടെന്നീസ്, നീന്തല്‍, 200 മീറ്റര്‍ ഓട്ടം, അഞ്ചു കിലോമീറ്റര്‍ നടത്തം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. ഒരാള്‍ക്ക് മൂന്നിനങ്ങളില്‍ പങ്കെടുക്കാം. ശസ്ത്രക്രിയ കഴിഞ്ഞ് കുറഞ്ഞത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കണം.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനും വെബ്സൈറ്റ് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. പത്രസമ്മേളനത്തില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജോ ജോസഫ്, ലിമി റോസ് ടോം, എസ്.എ.എസ്. നവാസ്, ഡോ. ബാബു കുരുവിള എന്നിവര്‍ പങ്കെടുത്തു.