സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം: കര്‍ഷക കോണ്‍ഗ്രസ്
Thursday, September 21, 2023 12:28 AM IST
കൊച്ചി: റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പകുതി കാലാവധി പൂര്‍ത്തിയാക്കിയിട്ടും വാഗ്ദാനം പാലിക്കാന്‍ തയാറാകാത്തതില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
നെല്ലിന്റെ പണം യഥാസമയം ലഭിക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്ത ആലപ്പുഴ വണ്ടാനത്തെ രാജപ്പന് എന്ന കര്‍ഷകന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണം. വിറക് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഏലം സ്റ്റോറുകള്‍ പാരിസ്ഥിതിക പ്രശ്നം ഉയര്‍ത്തിക്കാട്ടി നിരോധിക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ്, സംസ്ഥാന ഭാരവാഹികളായ ഇ.ഡി. സാബുസ്, മുഹമ്മദ് പനക്കല്‍, അടമണ്‍ മുരളി, ജോര്‍ജ് ജേക്കബ്, ജോര്‍ജ് കൊട്ടാരം, ഹബീബ് തമ്പി, കെ.ജെ. ജോസഫ്, ആന്റണി കുഴിക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.