എ.സി. മൊയ്തീന് ക്ലാസിൽ ഹാജർ; ഇഡിക്കു മുന്നിൽ ആബ്സന്റ്
Wednesday, September 20, 2023 12:58 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന് എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യംചെയ്യലിന് ഹാജരായില്ല.
നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ഇ മെയില്‍ മുഖേന ഇഡിയെ അറിയിക്കുകയായിരുന്നു. ഇന്നലെയും ഇന്നുമായിട്ടാണ് സാമാജികര്‍ക്കുള്ള ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായ മൊയ്തീന് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ അപൂര്‍ണമാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൂര്‍ണ വിവരങ്ങളടങ്ങിയ രേഖകളടക്കം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
കേസില്‍ അറസ്റ്റിലായ പ്രതികളും മൊയ്തീനും ഇഡിക്ക് നല്കിയ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായാണ് വിലയിരുത്തല്‍. പരാതിക്കാരനും അറസ്റ്റിലായ പ്രതികളും മൊയ്തീനെതിരായാണ് മൊഴി നല്കിയിട്ടുള്ളതും.
ഈ സാഹചര്യത്തില്‍ ഇഡി അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന സൂചനയുമുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് ഇഡിക്ക് മുന്നില്‍ നിയമതടസങ്ങളൊന്നും ഇല്ല. നിലവില്‍ സഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കുന്നതിനാല്‍ മൊയ്തീന് എംഎല്‍എ എന്ന പ്രത്യേക പരിരക്ഷയുണ്ടാകും. അതേസമയം മൊയ്തീന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
തൃശൂരിലും എറണാകുളത്തുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിന്റെ കൂടി പശ്ചാത്തലത്തിലാകും ഇഡിയുടെ തുടര്‍നടപടികള്‍.
മൊയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന പി. സതീഷ് കുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഇയാള്‍ക്ക് അനധികൃതമായി ലോണ്‍ അനുവദിച്ചുവെന്ന് പറയപ്പെടുന്ന അയ്യന്തോള്‍, തൃശൂര്‍ സഹകരണ ബാങ്കുകളിലും ഇഡി കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
കേസിലെ രണ്ടാം പ്രതിയായ പി.പി. കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക്. കൊച്ചി കോമ്പാറയിലെ ഇയാളുടെ വീട്ടിലും പരിശോധന നടന്നിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം ബിസിനസ് പങ്കാളികളുടെ കടലാസ് കമ്പനികളിലൂടെ വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധയിടങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.