ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: ടി.എൻ. പ്രതാപൻ എംപി
Friday, June 9, 2023 1:04 AM IST
തൃശൂർ: മനുഷ്യന്റെ നന്മയെ പ്രോത്സാഹിപ്പിക്കുന്ന, വിദ്യാർഥികൾക്ക് നല്ല മൂല്യങ്ങൾ പകർന്നുനൽകുന്ന ദീപികയുടെയും ദീപിക ബാലസഖ്യത്തിന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ടി.എൻ. പ്രതാപൻ എംപി പറഞ്ഞു.
ദീപിക ബാലസഖ്യം സംസ്ഥാനതല പ്രവർത്തന വർഷം തൃശൂർ മുണ്ടൂർ നിർമൽ ജ്യോതി പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നാം ഒരു കുടുംബം’ എന്ന മുദ്രാവാക്യവുമായി 21 ലക്ഷം അംഗങ്ങളുള്ള ദീപിക ബാലസഖ്യത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വിദ്യാലയങ്ങിലേക്കും വ്യാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നേതൃത്വം നൽകുന്ന ഭാരവാഹികളെ അഭിനന്ദിച്ചു. ഈ വർഷം എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്ന ഡിസിഎൽ ഡ്രീം ‘കിക്കൗട്ട്’ പ്രോജക്ടിന്റെ സംസ്ഥാനതല ഉദ്ഘാടനവും എംപി നിർവഹിച്ചു.
ചടങ്ങിൽ ഡിസിഎൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ അധ്യക്ഷത വഹിച്ചു. ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് മുഖ്യ സന്ദേശം നൽകി. ഡ്രീം പ്രോജക്ട് ജില്ലാ കോ-ഓർഡിനേറ്റർ ഫെമി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി.
ഡിസിഎൽ എറണാകുളം പ്രവിശ്യ കോ-ഓർഡിനേറ്റർ ജി.യു. വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ്, ഡിസിഎൽ കേന്ദ്ര ഓഫീസ് ഇൻ ചാർജ് പി.എം. ബിജു എന്നിവർ ആശംസകൾ നേർന്നു. തൃശൂർ പ്രവിശ്യ കോ-ഓർഡിനേറ്റർ ജോസഫ് തെക്കൂടൻ സ്വാഗതവും സെക്രട്ടറി സിസ്റ്റർ സൗമ്യ നന്ദിയും പറഞ്ഞു. നേരത്തെ കുട്ടികളിൽ ലഹരിയുടെ ആസക്തി എന്ന വിഷയത്തിൽ ഡ്രീം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഫെമി സെബാസ്റ്റ്യൻ ക്ലാസെടുത്തു.