വിദ്യാർഥി കേന്ദ്രീകൃത കരിക്കുലം അടുത്ത അധ്യയനവർഷം മുതൽ
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. വിദ്യാർഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സർവകലാശാലകൾക്ക് കൈമാറിക്കഴിഞ്ഞു. എല്ലാ കോളജ് കാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവിൽ വരിക.
വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് പഠനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സർഗാത്മക ഊർജവും ഉൾച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉണർവേകും. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ കൈരളി ഗവേഷണ അവാർഡുകൾ (2021) വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൈരളി അവാർഡുകളിൽ ആഗോള ആജീവനാന്ത പുരസ്കാരം (ശാസ്ത്രം) പ്രഫ. സലിം യൂസഫിനും ആജീവനാന്ത പുരസ്കാരങ്ങൾ പ്രഫ. എം. ലീലാവതിക്കും (ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ്), പ്രഫ. എം.എ. ഉമ്മനും (സോഷ്യൽ സയൻസ്) ഡോ. എ. അജയഘോഷിനുമാണ് (ശാസ്ത്രം). പ്രഫ. ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
പ്രഫ. ലീലാവതി ഓൺലൈനായും പങ്കെടുത്തു. കൈരളി ഗവേഷണ പുരസ്കാരം ഡോ. ഷംസാദ് ഹുസൈൻ (ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ്), ഡോ. ജി. റീനമോൾ (കെമിക്കൽ സയൻസ്), ഡോ. ഇ. രാധാകൃഷ്ണൻ (ബയോളജിക്കൽ സയൻസ്), ഡോ. അലക്സ് പി. ജെയിംസ് (ഫിസിക്കൽ സയൻസ്), ഡോ. അൻവർ സാദത്ത് (സോഷ്യൽ സയൻസ്), ഡോ. കെ. മഞ്ജു (ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ്), ഡോ. പി.വി. മയൂരി (ബയോളജിക്കൽ സയൻസ്), ഡോ. സി.വി. സിജില റോസ്ലി (കെമിക്കൽ സയൻസ്), ഡോ. എം.എസ് .സ്വപ്ന (ഫിസിക്കൽ സയൻസ്) എന്നിവരും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.