സ്കൂളുകളിലെ ഭിന്നശേഷി സംവരണം: പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരിശോധിക്കും
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന എയ്ഡഡ് സ്കൂൾ മാനേജർമാരുടെ യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും മാനേജ്മെന്റുകളുടെ നിവേദനവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി.
മാനേജ്മെന്റ്കളുടെ പരാതികളും നിർദേശങ്ങളും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ പരിശോധിക്കും. എന്തൊക്കെ നടപടികൾ കൈക്കൊള്ളാൻ ആവുമെന്ന് ഇരുവരും റിപ്പോർട്ട് നൽകും.
ഹയർസെക്കൻഡറിയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നോമിനിയെ നിർദേശിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ നടപടി കൈക്കൊള്ളും. എയ്ഡഡ് സ്കൂളുകളുടെ അധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ അംഗീകാരം നൽകാൻ എന്തൊക്കെ ചെയ്യാൻ ആകുമെന്ന് പരിശോധിക്കും.
ചലഞ്ച് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വിവിധ മാനേജ്മെന്റുകളുടെ പ്രതിനിധികളെ അറിയിച്ചു.