അമൽജ്യോതി കോളജ് സമരം ഒത്തുതീർന്നു
Thursday, June 8, 2023 3:21 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സമരം ഒത്തുതീർപ്പായി.
ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്. ബിന്ദു, സഹകരണ മന്ത്രി വി.എന്‍. വാസവന്, കാഞ്ഞിരപ്പള്ളി എംഎല്‍എയും ചീഫ് വിപ്പുമായ ഡോ.എന്‍. ജയരാജ്, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവരുമായി കോളജ് മാനേജ്മെന്റും വിദ്യാർഥി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീർപ്പാക്കിയത്.
അധ്യാപക-രക്ഷാകര്‍തൃസംഘടനയുടെ മീറ്റിംഗിനു ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുന്ന തീയതി വിദ്യാർഥികളെ അറിയിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.
ചർച്ചയിലെ തീരുമാനങ്ങള്‍
1. ശ്രദ്ധ സതീഷിന്റെ മരണത്തെ സംബന്ധിച്ച പോലീസ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഏല്‍പ്പിക്കും. ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും.
2. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതര്‍ സൂചിപ്പിച്ചു.
3. ഹോസ്റ്റല്‍ വാര്‍ഡനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അധികാരികളുമായി സംസാരിച്ചു തീരുമാനമെടുക്കുമെന്ന് മാനേജ്മെന്റ് ഉറപ്പു നല്കി.
4. കോളജില്‍ വിദ്യാർഥികള്‍ക്കുവേണ്ടിയുള്ള കൗണ്‍സ ലിംഗ് സംവിധാനം ശക്തമാക്കും.
5. കോളജിലെ സ്റ്റുഡന്റ്സ് ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ കോളജ് അധികാരികള്‍ നടപടി സ്വീകരിക്കും.
6. സര്‍വകലാശാലാ നിയമങ്ങളും ലിങ്ദോ കമ്മീഷന് റിപ്പോര്‍ട്ടും പാലിച്ച് മുന്‍ കാലങ്ങളിലേതുപോലെ തുടര്‍ന്നും കോളജിലെ സ്റ്റുഡന്റ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തും.
7. ശ്രദ്ധ സുരേഷിന്റെ മരണത്തെത്തുടര്‍ന്നുള്ള വൈകാരിക പ്രതിഷേധങ്ങളുടെ പേരില്‍ തങ്ങള്‍ക്കെതിരേ മാനേജ്മെന്റ് തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന വിദ്യാർഥികളുടെ അഭ്യർഥന മാനേജ്മെന്റ് സ്വീകരിക്കും.