ആര്‍ഷോയുടെ ഭാഗത്തു തെറ്റില്ല; മലക്കംമറിഞ്ഞ് പ്രിന്‍സിപ്പല്‍
Thursday, June 8, 2023 3:21 AM IST
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ നൽകിയ വിശദീകരണം തിരുത്തി എറണാകുളം മഹാരാജാസ് കോളജ്. ഇന്നലെ രാവിലെയാണു മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരണവുമായി കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടിയെന്നും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ വാദം. എന്നാല്‍, ഉച്ചകഴിഞ്ഞതോടെ രാവിലെ പറഞ്ഞ വാദത്തില്‍നിന്ന് പ്രിന്‍സിപ്പല്‍ മലക്കം മറിഞ്ഞു.
ആര്‍ഷോ രജിസ്റ്റര്‍ ചെയ്തെന്നു വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് നല്കിയ രേഖയില്‍ ആശയക്കുഴപ്പമുണ്ട്. ഫീസ് അടച്ചിട്ടില്ലെന്ന് ആര്‍ഷോ പറയുന്നത് ശരിയാണ്. നേരത്തേ മാധ്യമങ്ങള്‍ക്ക് നല്കിയ രേഖ എന്‍ഐസി സൈറ്റില്നിന്നുള്ളതാണ്. എന്നാല്‍, അക്കൗണ്ട്സ് സെക്ഷന്‍ വഴി പരിശോധിച്ചപ്പോള്‍ ആര്‍ഷോ ഫീസ് അടച്ചിട്ടില്ലെന്നു വ്യക്തമായി. എന്‍ഐസി സോഫ്റ്റ്വേര്‍ പിഴവാണിതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
റീ അഡ്മിഷന് രേഖകള്‍ പ്രദര്‍ശിപ്പിച്ചു
റീ അഡ്മിഷന് എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും ആര്‍ഷോ റീ അഡ്മിഷന് എടുത്തതിന്റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെയും തെളിവുണ്ടെന്നും കാട്ടിയാണ് പ്രിന്‍സിപ്പല്‍ രാവിലെ രേഖകള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പട്ടികയില്‍ ആര്‍ഷോയുടെ പേരുണ്ട്. ഇതെങ്ങനെ വന്നുവെന്ന് പരിശോധിക്കും. സാങ്കേതിക പിഴവ് പലപ്പോഴും സംഭവിക്കുന്നതാണ്. ഇപ്പോള്‍ അത് ആര്‍ഷോയുടെ കാര്യത്തിലായതുകൊണ്ട് മാത്രം വലിയ വാര്‍ത്തയാകുന്നു.
വിവിധ സെമസ്റ്ററുകളില്‍ എന്‍ഐസി സോഫ്റ്റ്വെയര് പ്രശ്നമുണ്ട്. അതുകൊണ്ട് സോഫ്റ്റ്വെയര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോളജ് സൈറ്റില്‍ ഉള്ളത് മാര്‍ക്ക് ലിസ്റ്റല്ല. മാര്‍ക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ്. എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ മാനുവലായി പരിഹരിച്ചാണ് മാര്‍ക്ക് ലിസ്റ്റായി കൊടുക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമെന്നു പറഞ്ഞ ആര്‍ഷോ താന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചെങ്കില്‍ അതിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ പരീക്ഷാഫീസ് അടച്ചതിന്റെ രസീത്, അപ്ലൈ ചെയ്തെങ്കില്‍ അത് സൈറ്റില്‍ കാണുമെന്നും എക്സാം അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചതിന്റെ കോപ്പി കാണുമെന്നും അതൊക്കെയല്ലേ തെളിവായി പുറത്തുവിടേണ്ടതെന്നും ആര്‍ഷോ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോളജ് തങ്ങളുടെ മുന്‍ വാദങ്ങള്‍ തിരുത്തി രംഗത്തെത്തിയത്.
അതിനിടെ, സംഭവത്തില്‍ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരേ പാർട്ടി നേതൃത്വത്തിന് ആര്‍ഷോ പരാതി നല്‍കിയതായും വിവരമുണ്ട്. എഴുതാത്ത പരീക്ഷയില്‍ തന്നെ ജയിപ്പിച്ചത് അസോസിയേഷന് ഓഫ് കേരള ഗവണ്മെന്റ് കോളജ് ടീച്ചേഴ്സില്‍ അംഗമായ നേതാവാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ആര്‍ഷോയുടെ വാദം. സംഭവത്തില്‍ മഹാരാജാസ് കോളജ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
ഗൂഢാലോചന നടന്നു: പി.എം. ആര്‍ഷോ
കൊച്ചി: എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ 2021ലെ വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചു.
സംഭവത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പലതവണ പ്രതികരണങ്ങള്‍ മാറ്റിപ്പറഞ്ഞു. തനിക്കെതിരേ വ്യാജ വാര്‍ത്ത നല്‍കിയും പ്രസ്ഥാനത്തെ മോശമായി ചിത്രീകരിച്ചും എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.
താന്‍ പരീക്ഷാഫീസ് അടച്ചെന്ന് പ്രിന്‍സിപ്പല്‍ വീണ്ടും ആവര്‍ത്തിച്ചു. ഇതില്‍ അന്വേഷണം നടത്തുന്നതിനൊപ്പം കോളജ് പ്രിന്‍സിപ്പലിന്റെ വീഴ്ചകളും പരിശോധിക്കണം. ഇതു ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നല്‍കും.
മഹാരാജാസ് കോളജിന്റെ വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആ വിഷയത്തില്‍ എസ്എഫ്ഐ മറുപടി പറയേണ്ട കാര്യമില്ലെന്നും ആര്‍ഷോ പറഞ്ഞു.