വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി തെര. കമ്മീഷന്
Thursday, June 8, 2023 3:21 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന വയനാട് പാര്‍ലമെന്റ് സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പു നടത്തുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന് നടപടികള്‍ തുടങ്ങി. ഇതിന്റെ മുന്നോടിയായി കോഴിക്കോട് കളക്ടറേറ്റില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടത്തി.
മോക്ക് പോളിംഗ് നടത്തിയായിരുന്നു പരിശോധന. ഇതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കളക്ടറേറ്റിലെത്താന്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.
വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷിനുകളാണ് ഇന്നലെ പരിശോധിച്ചത്. തിരുവമ്പാടിക്കു പുറമേ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, മലപ്പുറംജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളാണു വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. അടുത്ത ദിവസങ്ങളില്‍ വയനാട് കളക്ടറേറ്റിലും മലപ്പുറം കളക്ടറേറ്റിലും വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടക്കും.
അപകീര്‍ത്തിക്കേസില്‍ കഴിഞ്ഞ മാര്‍ച്ച് 23നു ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനെത്തുടര്ന്നാണു ലോക്സഭാ സെക്രട്ടേറിയറ്റ് തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചത്.
മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ മേല്‍ക്കോടതിയില്‍ രാഹുല്‍ഗാന്ധി അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് നീക്കം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ പഴ്സണല്‍ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.