ഏപ്രിൽ അഞ്ചുവരെ അധ്യയനദിനമാക്കാനുള്ള തീരുമാനം പിൻവലിച്ചു
Thursday, June 8, 2023 2:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഏപ്രിൽ അഞ്ചുവരെ അധ്യയനദിനങ്ങൾ ആക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിൻമാറി. പുതിയ തീരുമാനമനുസരിച്ച് വേനൽ അവധിക്കായി മാർച്ചിൽ തന്നെ സ്കൂളുകൾ അടയ്ക്കും. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
ഏപ്രിൽ അഞ്ചുവരെ ക്ലാസുകൾ നടത്തണമെന്ന തീരുമാനത്തിനെതിരേ ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകൾ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ഏപ്രിൽ അഞ്ചു വരെ ക്ലാസുകൾ നടത്തി ആകെ അധ്യയനദിവസം 210 ആക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. ആ തീരുമാനമാണ് മാറ്റിയത്. മാർച്ച് എട്ട് , 28, 29 അവധി ദിവസങ്ങൾ ആയതിനാൽ മാർച്ച് 16, 23 എന്നീ ശനിയാഴ്ചകൾ ആറാം പ്രവൃത്തിദിനങ്ങളായി ആയി ഉൾപ്പെടുത്തും.
ഈ അധ്യയനവർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയനദിനങ്ങൾ ആണുണ്ടാകുക. പഠന സമയം വിദ്യാലയങ്ങളിൽ കൂടുതൽ നഷ്ടമാകാതിരിക്കാൻ ദിനാചരണ പരിപാടികളുടെ സമയക്രമം നിശ്ചയിക്കാനും തീരുമാനമായി.
ദിനാചരണ പരിപാടികളിലും മറ്റും വിദ്യാലയങ്ങളിൽ മറ്റ് ഏജൻസികളുടെ ഇടപെടൽ ഉണ്ടാകാതിരിക്കുവാൻ നിർദേശം നൽകും. പഠനസമയങ്ങളിൽ വിദ്യാലയങ്ങളിൽനിന്നും വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിന് സ്കൂളിനു പുറത്ത് കൊണ്ടുപോകാതിരിക്കുവാനുള്ള നിർദേശവും വിദ്യാഭ്യാസ വകുപ്പ് നല്കും.