പരാതികൾ തീർപ്പാക്കാൻ ജില്ലാതലത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരുമിച്ചിരിക്കും
Wednesday, June 7, 2023 12:48 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ പരിഹരിക്കാത്ത പരാതി ഫയലുകളിൽ തീർപ്പാക്കാൻ ജില്ലാ തലത്തിൽ മന്ത്രിമാരും ജില്ലയിലെ ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരും ഒരുമിച്ചുള്ള യോഗങ്ങൾ ചേരാൻ മന്ത്രിസഭാ തീരുമാനം.
താലൂക്ക് അദാലത്തുകളിൽ പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്നു മാറ്റിവച്ച ഫയലുകളിൽ പരിഹാരമുണ്ടാക്കാനാണു ജില്ലാതലത്തിൽ മന്ത്രിമാരും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ചേർന്നുള്ള യോഗം ചേരുന്നത്.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലാകും യോഗം ചേരുക.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ യോഗം ജൂലൈ 10നും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജൂലൈ 13നും വയനാട്, കാസർഗോഡ്, ആലപ്പുഴ ജൂലൈ 24നും നടക്കും. പരാതികൾ സമയബന്ധിതമായി തീർപ്പാക്കുകയാണു ലക്ഷ്യം.
മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലങ്ങളിൽ നടന്ന പരാതി പരിഹാര അദാലത്തുകളുമായി ബന്ധപ്പെട്ടുള്ള ചുരുക്കത്തിലുള്ള വിലയിരുത്തലും ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിലുണ്ടായി.