മനുഷ്യജീവന് സംരക്ഷിക്കണം: അല്മായ കമ്മീഷന്
Wednesday, June 7, 2023 12:48 AM IST
കൊച്ചി: വന്യജീവി ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മനുഷ്യജീവന് സംരക്ഷിക്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്.
പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം. എന്നാല്‍ മനുഷ്യര്‍ക്കും അര്‍ഹമായ നീതി ലഭിക്കണം. വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ആള്‍നാശത്തിനും ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അല്മായ കമ്മീഷന് അഭ്യര്‍ഥിച്ചു.
കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്കു കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയവൈകല്യങ്ങളാണ്. റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിച്ച് 300 രൂപ താങ്ങുവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരണം ഏര്‍പ്പെടുത്തണം. റബര്‍ ഉത്പാദനത്തില്‍ മുന്നിലുള്ള കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം.
കേരളത്തിലെ നെല്‍കര്‍ഷകരുടെ അവസ്ഥ അതീവഗുരുതരമാണ്. നെല്ലിന്റെ വില ലഭിക്കാതെ കര്‍ഷകരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില മുഴുവനും അടിയന്തരമായി കര്‍ഷകര്‍ക്ക് നല്‍കണം.
മണിപ്പുരില്‍ അക്രമം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ടവരും തയാറാകണം. സമാധാനചര്‍ച്ചകളും ഒത്തുതീര്‍പ്പിനായുള്ള ശ്രമങ്ങളും സജീവമാകണം. മണിപ്പുരില്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ട് കാര്യക്ഷമമായ നടപടി സ്വീകരിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും വേണമെന്നും കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന അല്മായ കമ്മീഷൻ യോഗം ആവശ്യപ്പെട്ടു.
കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എപ്പിസ്കോപ്പല്‍ മെംബര്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയില്‍, വിവിധ ഫോറങ്ങളുടെ ഡയറക്ടര്‍മാരായ ഫാ. ലോറന്‍സ് തൈക്കാട്ടില്‍, ഫാ. ഡെന്നി താണിക്കല്‍, ഫാ. മാത്യു ഓലിക്കല്‍, അല്മായ നേതാക്കളായ വി.സി.സെബാസ്റ്റ്യന്‍, ടോണി ചിറ്റിലപ്പിള്ളി, സാബു ജോസ്, രാജീവ് കൊച്ചുപറമ്പില്‍, ഡോ. ഡെയ്സണ്‍ പാണേങ്ങാടന്, ബീന ജോഷി, ആന്‍സി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.