കെസിബിസി സമ്മേളനത്തിനു തുടക്കം
Wednesday, June 7, 2023 12:48 AM IST
കൊച്ചി: സഭയുടെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും കാരുണ്യപ്രവൃത്തികളും ക്രിസ്തുസ്നേഹത്തിന്റെ മഹനീയമായ പ്രകാശനമാണെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.
പാലാരിവട്ടം പിഒസിയില്‍ കെസിബിസി -കെസിഎംഎസ് സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഊര്‍ജസ്വലതയോടെ അത്തരം സേവനപ്രവര്‍ത്തനങ്ങള്‍ തുടരണം. അത്തരം മാതൃകകളിലൂടെ വിശ്വാസി സമൂഹത്തിന് കരുത്ത് പകരണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.
കേരളസഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരും യോഗത്തില്‍ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി എന്നിവര്‍ പ്രസംഗിച്ചു.
പിഒസി ബൈബിള്‍ പഴയനിയമത്തിന്റെ പരിഷ്കരിച്ച പതിപ്പ് കെസിബിസി പ്രസിഡന്റ്, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് നല്കി പ്രകാശനം ചെയ്തു.
മൂന്നു ദിവസത്തെ കെസിബിസി വര്‍ഷകാലസമ്മേളനം ഇന്നലെ വൈകുന്നേരം പിഒസിയില്‍ ആരംഭിച്ചു. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകളുണ്ടാകും. സമ്മേളനം നാളെ സമാപിക്കും.