മാഞ്ഞുപോകില്ല, ഡോണ്‍ എന്ന സ്മരണ
Wednesday, June 7, 2023 12:48 AM IST
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: ഡോണ്‍ ഇനി ആ അഞ്ചു പേരിലൂടെ ജീവിക്കും. അവയവദാനത്തെപ്പറ്റി അറിവു വളർന്ന നാളിലൊരിക്കൽ അവൻ അമ്മയോടു പറഞ്ഞു: ‘ഞാൻ മരിച്ചാൽ എന്റെ അവയവങ്ങൾ ദാനം ചെയ്യണം’. ഡോണിന്റെ ആഗ്രഹം അപ്പച്ചനും അമ്മയും സാധിച്ചുകൊടുത്തു. നെഞ്ചുപൊട്ടുന്ന വേദനയ്ക്കിടയിലും പൊന്നോമന മകന്റെ കരളും വൃക്കകളും ദാനം ചെയ്തു.
ഇരിങ്ങാലക്കുട തുറവൻകുന്ന് ചുങ്കത്ത് വീട്ടിൽ ജോസിന്റെയും സോഫിയുടെയും മകൻ ഡോണ്‍ ഗ്രേഷ്യസ് (16) കഴിഞ്ഞനാളിലാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്. തുറവൻകുന്ന് ഇടവകയിൽനിന്നു മേയ് 31നു വയനാട്ടിലേക്കു വിനോദയാത്ര പോയ അൾത്താരസംഘത്തിലെ അംഗമായിരുന്നു ഡോൺ. കാട്ടപ്പാടി ചൂരൽമലയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഡോണും മറ്റു രണ്ടുപേരും കാൽ തെന്നി കുഴിയിൽ വീഴുകയായിരുന്നു. രണ്ടു പേർ രക്ഷപ്പെട്ടു. ഡോണിനു വെള്ളത്തിൽവച്ച് ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണു വിദഗ്ധാഭിപ്രായം.
മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന ഡോണിന്റെ മസ്തിഷ്കമരണം തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചു. കണ്ണീർക്കയത്തിൽ മുങ്ങിയിട്ടും മാതാപിതാക്കൾ ഡോണിന്റെ ആന്തരാവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.
വയനാട് ജില്ലയിലെ ആദ്യത്തെ മൾട്ടി ഓർഗൻ റിട്രീവലിന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ എന്നിവർ നേതൃത്വം നൽകി. സർക്കാർ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റശസ്ത്രക്രിയകളുടെ മേൽനോട്ടം നടന്നത്.