അനാവശ്യമായി തെളിഞ്ഞു കിടക്കുന്ന ലൈറ്റ് ഓഫാക്കുന്നതും വെള്ളം പാഴാക്കാതെ ടാപ്പ് അടയ്ക്കുന്നതും അത്യാവശ്യസാഹചര്യങ്ങളിലല്ലാതെ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുന്നതുമൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ്. ഇത്തരം ചിന്തകള്‍ രൂപപ്പെടുത്താനും വളര്‍ത്താനുമുള്ള വേദി കൂടിയായാണ് കാലാവസ്ഥാ അസംബ്ലി രൂപപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പ്രാദേശികമായി വ്യത്യാസമുള്ളതിനാല്‍ അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശകലനം ചെയ്തുകൊണ്ടുള്ള നടപടികളാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഫലപ്രദമാകുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ഒട്ടേറെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുന്നുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടിയും കാട്ടാക്കടയും ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും മണ്ഡലങ്ങളിലെ പരിസ്ഥിതി പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പദ്ധതികളും സ്വീകരിക്കേണ്ട മുന്‍ കരുതലുകളും അതത് എംഎല്‍എമാരെ അറിയിക്കാനും കാലാവസ്ഥാ അസംബ്ലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. യുവാക്കളും കുട്ടികളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എംഎല്‍എമാരും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കും.
ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികള്‍ക്കായുള്ള അവകാശ ഉടമ്പടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൊന്നായ ‘പങ്കാളിത്തം’ പ്രാവര്‍ത്തികമാകുന്നതിനും ഇത് വഴിയൊരുക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള തലത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളും മനസിലാക്കുന്നതിനും അവ സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാനും യുനിസെഫ് പിന്തുണ ജനപ്രതിനിധികള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും സഹായകരമാകും.
യുവാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാലാവസ്ഥാ അസംബ്ലിയും തുടര്‍ പ്രവര്‍ത്തനങ്ങളും ലോകം ശ്രദ്ധിച്ച പങ്കാളിത്ത വികസന പ്രവര്‍ത്തനങ്ങളായ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും പോലെ കേരളത്തിന്റെ വികസന സൂചികയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കട്ടെ. ജനപങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് സുസ്ഥിര വികസന മാതൃക രചിക്കാന്‍ പര്യാപ്തമാണ്.