കേരള സഹകരണ നിയമഭേദഗതി അസാധുവാക്കണമെന്ന് ആർബിഐ
Sunday, June 4, 2023 12:17 AM IST
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് കേരള സഹകരണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി പ്രഖ്യാപിക്കണമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനത്തിനെതിരെ യു.എ. ലത്തീഫ് എംഎല്‍എയടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ റിസര്‍വ് ബാങ്ക് നല്കിയ മറുപടി സത്യവാങ് മൂലത്തിലാണ് ഇതു പറയുന്നത്.
ബാങ്ക് ലയനത്തിനു സഹകരണ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്കുന്ന ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ക്രെഡിറ്റ് ഗ്യാരന്റി കോര്പറേഷന് നിയമത്തിലെ (ഡിഐസിജിസി ആക്ട്) വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്നും റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ അസി. ജനറല്‍ മാനേജര്‍ ടി.ആര്. സൂരജ് മേനോന് നല്കിയ മറുപടി സത്യവാങ് മൂലത്തില്‍ പറയുന്നു. ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും