കർഷക ക്ഷേമ പെൻഷൻ പദ്ധതിക്ക് ധനവകുപ്പിന്റെ കുരുക്ക്
Saturday, June 3, 2023 1:52 AM IST
റെനീഷ് മാത്യു
കണ്ണൂർ: ധനവകുപ്പിന്റെ പിടിവാശിയിൽ കൃഷിവകുപ്പിന്റെ കർഷകക്ഷേമ പെൻഷൻ പദ്ധതിക്കു കുരുക്ക്. കർഷക പെൻഷൻ തുകയും ഇതോടനുബന്ധിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ തുകയും നിശ്ചയിക്കുന്നതിൽ പല തവണ കൃഷിവകുപ്പ് ധനവകുപ്പിനെ സമീപിച്ചെങ്കിലും അംഗീകാരം നല്കിയില്ല.
ധനവകുപ്പിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ കർഷക ക്ഷേമ പെൻഷൻ പദ്ധതിയുമായി കൃഷിവകുപ്പിനു മുന്നോട്ടു പോകാൻ സാധിക്കൂ. അതിനാൽ, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷൻ നടപടികൾ ഇപ്പോൾ മന്ദഗതിയിലാണ്. രജിസ്ട്രേഷൻ നടത്തുന്നവർക്കു നല്കുന്ന തുകയെക്കുറിച്ച് വ്യക്തമായ മറുപടി നല്കാൻ അധികൃതർക്ക് കഴിയുന്നുമില്ല.
നിലവിൽ തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓഫീസ് തുറന്നുവെങ്കിലും ധനവകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഡെപ്യൂട്ടേഷനിലാണു നിലവിലുള്ളവരുടെ നിയമനം.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ച സർക്കാരിന് 2023 മേയ് വരെ 14,536 അംഗങ്ങളെ മാത്രമേ ചേർക്കാൻ സാധിച്ചുള്ളൂ.
കർഷക പെൻഷൻ പദ്ധതിയിൽ ചേരുന്നവർക്കു പെൻഷനു പുറമെ അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങിയ പതിനൊന്നോളം ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനൊക്കയുള്ള തുക ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
ക്ഷേമപദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ മക്കൾക്കു പ്രഫഷണൽ കോഴ്സുകൾക്കു നിശ്ചിത സീറ്റുകളിൽ സംവരണം, സ്വന്തമായി വീടില്ലാത്ത അംഗത്തിന് കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്പ പദ്ധതിക്കുള്ള ഒരു ഏകജാലക സംവിധാനം, കർഷകർക്കു മാനസിക സമ്മർദം ഒഴിവാക്കുന്നതിനു ബോർഡിന്റെ കീഴിൽ കൗൺസലിംഗ് സെന്ററുകൾ, വൈദ്യസഹായം കാര്യക്ഷമമാക്കാൻ ഇഎസ്ഐ മാതൃകയിൽ ആശുപത്രി സംവിധാനം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായില്ല.