ജോലി വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ
Friday, June 2, 2023 1:07 AM IST
കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയ വനിതയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാഞ്ചിയാർ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്.
കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് കോഴിമല സ്വദേശിനിയായ ഷൈനിയുടെ പക്കൽനിന്നു പ്രതി മുരിക്കാട്ടുകുടി മറ്റത്തിൽ സിന്ധു ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങിയത്. കഴിഞ്ഞ മാർച്ചിലാണ് പരാതിക്കാരി സിന്ധുവിനെ സമീപിച്ചത്.
പണമടച്ചാൽ ഒരു മാസത്തിനകം കുവൈറ്റിലേക്ക് പോകാമെന്നായിരുന്നു വാഗ്ദാനം. ഹോം നഴ്സ് ജോലിയും പറഞ്ഞുറപ്പിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പുരോഗതി ഒന്നുമുണ്ടാകാതെ വന്നു. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഷൈനി പോലീസിൽ പരാതി നൽകിയത്.
കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കൽനിന്നും സമാന രീതിയിൽ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം നൽകിയവർ ഡൽഹിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. സിന്ധുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.