വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്
Friday, June 2, 2023 1:07 AM IST
കട്ടപ്പന: കട്ടപ്പന നത്തുകല്ല് പാറയില് ജോയിയുടെ മകള് ആന് മരിയ (17) യുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായി. വിവിധ ഇടങ്ങളിൽ പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിന് വഴിയൊരുക്കി കട്ടപ്പനയിൽനിന്ന് 2.40 മണിക്കൂർകൊണ്ട് 132 കിലോമീറ്റർ താണ്ടി ആൻ മരിയയെ എറണാകുളം മാതാ അമൃതാ ആശുപത്രിയിലെത്തിച്ചു.
ഇന്നലെ രാവിലെ 6.30ന് ഇരട്ടയാര് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കിടയിൽ ആന് തലകറങ്ങി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര് ഉടന്തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതോടെ ഡോക്ടര്മാര് ആന് മരിയയെ അമൃത ആശുപത്രിയിലേക്ക് റഫര് ചെയ്യുകയായിരുന്നു. എന്നാല്, സ്ഥിതി മെച്ചപ്പെടാതെ യാത്ര ചെയ്യാന് സാധിക്കാത്ത സാഹചര്യമായി. ഇതോടെ ആംബുലന്സും തയാറാക്കി ഇതിനായുള്ള കാത്തിരിപ്പിലായി ബന്ധുക്കളും ആശുപത്രി അധികൃതരും. ഇതിനിടെ വിവരം അറിഞ്ഞ മന്ത്രി റോഷി അഗസ്റ്റിന് ആന് മരിയയുമായി വരുന്ന ആംബുലന്സിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്കില് പോസ്റ്റ് ഇട്ടതോടെ വാര്ത്ത വൈറലായി. ഇതോടെ സന്നദ്ധ സംഘടനകളും ഓട്ടോറിക്ഷാ ഡ്രൈവര്മാരും അടക്കം റോഡില് നിലയുറപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിന്തന്നെ പോലീസ് മേധാവികളെയും അമൃത ആശുപത്രിയിലെ ഡോക്ടര്മാരെയും വിളിച്ച് കാര്യങ്ങള് ക്രമീകരിച്ചു. ആംബുലന്സിന് പോലീസ് അകമ്പടി വാഹനങ്ങളും ക്രമീകരിച്ചു.
കട്ടപ്പന സഹകരണ ബാങ്കിന്റെ ആംബുലന്സ് രാവിലെ 11.30ന് ആന് മരിയയുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇതിനോടകം മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വാര്ത്ത അറിഞ്ഞ് ആംബുലന്സിന് വഴിയൊരുക്കാന് ഓരോ സ്ഥലത്തും ആളുകള് കാത്തുനിന്നു. ഉച്ചയ്ക്ക് ഒന്നിന് ആംബുലന്സ് തൊടുപുഴയിലെത്തി. തുടര്ന്ന് വൈറ്റില വഴി 2.20ന് അമൃത ആശുപത്രിയിലെത്തി. ഡ്രൈവര്മാരായ മണിക്കുട്ടന്, തോമസ്, നഴ്സുമാരായ ടിനസ്, ബിബിന് എന്നിവര് ദൗത്യത്തില് പങ്കാളികളായി. വിദഗ്ധ പരിശോധനകള്ക്കുശേഷം കുട്ടിയുടെ ചികിത്സ ആരംഭിക്കുമെന്ന് അമൃത ആശുപത്രി അധികൃതര് പറഞ്ഞു.
പ്ലസ് ടു പഠനം കഴിഞ്ഞ് കുട്ടിക്കാനം മരിയന് കോളജില് ഉപരിപഠനത്തിനായി അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു ആന് മരിയ. ദിവസങ്ങള്ക്കു മുമ്പാണ് വല്യമ്മ മരിച്ചത്. വല്യമ്മയുടെ മരണം മുതല് സംസ്കാര ചടങ്ങുകള് വരെ കൃത്യമായ ഭക്ഷണമോ, ഉറക്കമോ ഇല്ലാതെ ആന് മരിയയും പങ്കാളിയായിരുന്നു. ഇത് ആന് മരിയയെ ശാരീരികമായും തളര്ത്തിയിരുന്നു. അമൃതാ ആശുപത്രിയിലെ പരിശോധനയിൽ കുട്ടിയുടെ ഹൃദയത്തിനു തകരാറില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ന്യൂറോ സംബന്ധമായ നിരീക്ഷണത്തിലാണ് ആൻ മരിയ.
അതേസമയം, പെണ്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. ക്രിട്ടിക്കല് കാര്ഡിയാക് കെയര് യൂണിറ്റിൽ 48 മണിക്കൂര് നിരീക്ഷണത്തിലാണ്.
ആരോഗ്യനില പരിശോധിച്ചശേഷം തുടര്ചികിത്സ തീരുമാനിക്കുമെന്നും ആശുപത്രി അധികൃതര് അറിയിച്ചു.