ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു
Thursday, June 1, 2023 1:48 AM IST
തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വൈജ്ഞാനിക സാഹിത്യകാരനുമായ ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം രാത്രി എട്ടിന് വീട്ടുവളപ്പിൽ നടന്നു.
1933 ഫെബ്രുവരി 10ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി. ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ആർട്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. ഒഎൻവി കുറുപ്പ്, പുതുശേരി രാമചന്ദ്രൻ, എൻ. മോഹനൻ എന്നിവരുടെ സഹപാഠിയായിരുന്നു. നാലു ഭാഷകളിലെ സാഹിത്യപഠനത്തിൽ ബിരുദാനന്തര ബിരുദവും മൂന്നു ഡി ലിറ്റും നേടിയ അദ്ദേഹം അൻപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സർവ വിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള ലക്സിക്കൺ ഡിപ്പാർട്ട്മെന്റിൽ ലെക്സിക്കൺ അസിസ്റ്റന്റായും കൊല്ലം എസ്എൻ കോളജിൽ മലയാളം വിഭാഗം ലക്ചററായും സേവനമനുഷ്ഠിച്ചു
. 1961 ൽ അലിഗഡ് സർവകലാശാലയിൽ ദക്ഷിണേന്ത്യൻ ഭാഷാ വിഭാഗം മേധാവിയായിരുന്നു. 1975 ൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയയുടെ ഡയറക്ടറായി. 2008 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
ഡോ. വെള്ളായണി അർജുനൻ എഴുതിയ ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികൾ സ്കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്കാരങ്ങളും നേടി. ഭാര്യ: പരേതയായ എം. രാധാമണി. മക്കൾ: ഡോ. എ.ആർ. സുപ്രിയ, എ.ആർ. സാഹിതി, ഡോ. എ.ആർ. രാജശ്രീ, എ.ആർ. ജയശങ്കർ പ്രസാദ്.
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. വെള്ളായണി അർജ്ജുനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാഷയ്ക്കും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് പൊതുവിൽ വലിയ നഷ്ടമാണ്. പല തലമുറകൾക്ക് അധ്യാപകനും അറിവിന്റെ നിറകുടവുമായിരുന്നു വെള്ളായണി അർജ്ജുനനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.