വേനല്‍ മഴയിൽ 34 ശതമാനത്തിന്റെ കുറവ്
Thursday, June 1, 2023 1:48 AM IST
കൊച്ചി: സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴയില്‍ 34 ശതമാനത്തിന്റെ കുറവ്. സാധാരണ ലഭിക്കേണ്ടിയിരുന്നത് 359.1 മില്ലിമീറ്റര്‍ മഴയാണ്.
എന്നാല്‍ ഈ വര്‍ഷം ലഭിച്ചതാകട്ടെ 236.4 മില്ലിമീറ്റര്‍ മഴ. അതേസമയം വേനല്‍മഴയില്‍ കുറവുണ്ടായെങ്കിലും കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ജില്ലാ അടിസ്ഥാനത്തില്‍ കാസര്‍ഗോഡാണ് ഈ വര്‍ഷം ഏറ്റവും കുറവ് വേനല്‍മഴ ലഭിച്ചത്. 76.1 മിമീ. ഇവിടെ 71 ശതമാനം മഴയുടെ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് മഴക്കുറവ് രേഖപ്പെടുത്തിയിട്ടുള്ള മറ്റു സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ യഥാക്രമം 61, 60 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. ഇതിനുപുറമേ കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും സാധാരണ ലഭിക്കേണ്ടിയിരുന്ന മഴയുടെ പകുതി മാത്രമാണു വേനലില്‍ പെയ്തത്.
മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 558.4 മി.മീ മഴ ലഭിച്ചു. 235.8 മി.മീ മഴ ലഭിച്ച വയനാട് ജില്ലയിലും സാധാരണനിലയിലുള്ള മഴയാണു പെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ് ഇടിയോടുകൂടിയ മഴ ഇപ്പോഴും തുടരുന്നുമുണ്ട്. സംസ്ഥാനത്ത് ചൂട് കൂടിയതിനു പിന്നാലെ പനി ഉള്‍പ്പെടെ വേനല്‍ക്കാല ചര്‍മരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.