പോക്സോ കേസ്: സൈനികനെ വിട്ടുകിട്ടാൻ പോലീസ് കത്തയച്ചു
Thursday, June 1, 2023 12:47 AM IST
തളിപ്പറമ്പ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ലോഡ്ജിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികനെ വിട്ടുകിട്ടാൻ തളിപ്പറമ്പ് സിഐ എ.വി ദിനേഷ് സൈന്യത്തിന് കത്തയച്ചു.
പാലക്കാട് സ്വദേശിയും സൈനികനുമായ പ്രമിത്തിനെ പോലീസിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് തളിപ്പറമ്പ് പോലീസ് സൈന്യത്തിലെ ബന്ധപ്പെട്ട അധികൃതർക്കു കത്തയച്ചത്. ഈ പെൺകുട്ടിയെ മറ്റൊരു യുവാവും പീഡനത്തിനിരയാക്കിയിരുന്നു.
പീഡന വിവരം പുറത്തു വരുന്നതിനു മുമ്പുതന്നെ അവധി കഴിഞ്ഞ് പഞ്ചാബിലെ ക്യാമ്പിലേക്കു പ്രമിത്ത് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡനത്തിനിരയായതു ബന്ധുക്കൾ അറിയുന്നത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പെൺകുട്ടിയെ തളിപ്പറമ്പിൽ എത്തിച്ച് രണ്ടു പേർ വ്യത്യസ്ത ദിവസങ്ങളിൽ പീഡിപ്പിച്ച വിവരം വെളിപ്പെട്ടത്.
തുടർന്ന് തളിപ്പറമ്പ് പോലീസ് രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസിൽ പ്രതിയായ വളപട്ടണം സ്വദേശി എ.എം. ഷമിലിനെ (38) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
കേസിലെ മറ്റൊരു പ്രതിയായ പ്രമിത്തിനെ തേടി പാലക്കാട്ടെ വീട്ടിൽ എത്തിയ തളിപ്പറമ്പ് പോലീസിന് ഇയാൾ പഞ്ചാബിലെ സൈനിക ക്യാന്പിലേക്കു മടങ്ങിയെന്ന വിവരമാണു ലഭിച്ചത്. കേസിന്റെ പൂർണ വിവരമടങ്ങിയ കത്ത് സൈന്യത്തിനു കൈമാറി.