കർഷക ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Thursday, June 1, 2023 12:47 AM IST
കൽപ്പറ്റ: പുൽപ്പള്ളി കേളക്കവല ചെന്പകമൂലയിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
രാജേന്ദ്രൻ നായരുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കുന്നതിനു ജില്ലാ കളക്ടർക്കും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
കേസ് കൽപ്പറ്റയിൽ നടത്തുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ കേസെടുത്തത്. ബാങ്കിൽ രാജേന്ദ്രൻ നായരുടെ പേരിൽ രണ്ടു വായ്പകളിലായി 46.58 ലക്ഷം രൂപ കുടിശികയുണ്ട്. രാജേന്ദ്രൻ നായരെ കബളിപ്പിച്ച് അദ്ദേഹത്തിന്റെ പേരിൽ ചിലർ വായ്പയെടുത്തെന്നാണ് ആരോപണം.