വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ കാൽതട്ടി പരിക്കേറ്റു
Wednesday, May 31, 2023 1:30 AM IST
കട്ടപ്പന : കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ വനം വകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ കാൽ തട്ടി പരിക്കേറ്റു. പെരിയാർ ടൈഗർ റിസർവിലെ ക്ലാർക്ക് റോബി വർഗീസിനാണ് (38) പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ ആറരയോടെ പ്രഭാത സവാരിക്കിടെ തേക്കടി ബോട്ട് ലാൻഡിംഗിന് സമീപത്താണ് അപകടം. സവാരിക്കിടെ പെട്ടെന്ന് മുൻപിൽ കാട്ടാനയെ കണ്ട് റോബി തിരിഞ്ഞോടുന്നതിനിടെ അബദ്ധത്തിൽ ട്രെഞ്ചിൽ വിഴുകയായിരുന്നു.
ആന കടന്നു പോകുന്നതിനിടെ ആനയുടെ കാൽ തട്ടി റോബിയുടെ വാരിയെല്ലിനും വീഴ്ചയിൽ കാലിനും പരിക്കേറ്റു.
ആനയുടെ ചവിട്ട് ഏൽക്കാതെ ഉരുണ്ടു മാറിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. വിവരമറിഞ്ഞ് എത്തിയ സഹപ്രവർത്തകർ ചേർന്ന് ഉടനെ ഇദ്ദേഹത്തെ കുഴിയിൽ നിന്ന് പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വലത് കാലിനും വാരിയെല്ലിനും പരിക്കേറ്റ റോബിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.