ഹരീഷ് പേങ്ങന് അന്തരിച്ചു
Wednesday, May 31, 2023 1:30 AM IST
നെടുന്പാശേരി: ഹാസ്യകഥാപാത്രങ്ങളിലൂടെ അഭ്രപാളിയിൽ തിളങ്ങിയ നടൻ ഹരീഷ് പേങ്ങൻ (48) വിട വാങ്ങി. നെടുന്പാശേരി തുരുത്തിശേരി മാടവനക്കുടി വീട്ടിൽ പരേതനായ കരുണാകരൻ നായരുടെയും ശാരദാമ്മയുടെയും മകനാണ്. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
മേയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനം ചെയ്യാൻ സന്നദ്ധയായിരുന്നു. ചികിത്സാ സഹായത്തിനുള്ള അഭ്യർഥനയുമായി സുഹൃത്തുക്കളും രംഗത്തിറങ്ങി.
വയറ്റിൽ അണുബാധയുണ്ടെന്നും അതു കുറഞ്ഞാൽ മാത്രമേ ശസ്ത്രക്രിയ നടത്താനാകൂവെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ഇതിനായി 21 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനുശേഷമുള്ള ചെലവും അനുബന്ധ ചെലവുകളും കണക്കിലെടുത്ത് 30 ലക്ഷമാണ് ചികിത്സയ്ക്കായി ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ഈ തുക സ്വരൂപിക്കുന്നതിനായുള്ള ശ്രമത്തിലായിരുന്നു സൃഹൃത്തുക്കളും ബന്ധുക്കളും. അതിനിടെയായിരുന്നു അന്ത്യം.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരനാണ്. നാടകങ്ങളിലൂടെ അരങ്ങത്തു വന്ന് സീരിയലുകളിലൂടെ ശ്രദ്ധയാകർഷിച്ചശേഷമാണു സിനിമയിൽ തിളങ്ങിയത്. 60 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സംസ്കാരം ഇന്നു മൂന്നിന് നെടുന്പാശേരി തുരുത്തിശേരിയിലെ വീട്ടുവളപ്പിൽ. ഭാര്യ: ദുബായിൽ നഴ്സായ തിരുവനന്തപുരം നെടുമങ്ങാട് പാലോട് ഋഷിഭവനിൽ ബിന്ദു കെ. പിള്ള. ഋഷി (എൻജിനിയറിംഗ് വിദ്യാർഥി), യദു (പത്താംക്ലാസ് വിദ്യാർഥി) എന്നിവരാണു മക്കൾ. സഹോദരങ്ങൾ: ശ്രീജ മനോജ്കുമാർ (ഇരട്ട സഹോദരി), സിന്ധു ചന്ദ്രൻ (മുൻ വാർഡ് മെംബർ, നെടുന്പാശേരി).