കേന്ദ്രത്തെ പരോക്ഷമായി കോൺഗ്രസ് അനുകൂലിക്കുന്നു: മുഖ്യമന്ത്രി
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒന്നും മിണ്ടാത്ത കോണ്ഗ്രസ് ഫലത്തിൽ അവരെ പരോക്ഷമായി അനുകൂലിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇപ്പോൾ കേരളത്തെ സാന്പത്തികമായി ഞെരുക്കുക കൂടി ചെയ്യുകയാണു കേന്ദ്ര സർക്കാർ. കേരളത്തിനെതിരേ എന്തൊക്കെ ചെയ്യാമെന്നു ഗവേഷണം നടത്തുകയാണു ഒരു കേന്ദ്രമന്ത്രി. കുറെ കണക്കുകൾ അദ്ദേഹം പത്രസമ്മേളനം നടത്തി അവതരിപ്പിച്ചു.
എവിടെ നിന്ന് ഈ കണക്ക് അദ്ദേഹത്തിനു കിട്ടിയെന്നു പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവർ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമമാണു നടത്തുന്നത്. മതനിരപേക്ഷതയുടെ ഉത്തുംഗശൃംഗമായി നില കൊള്ളേണ്ട പാർലമെന്റ് സൗധത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഒരു വിഭാഗത്തിന്റെ മതചടങ്ങുകൾക്കുള്ള വേദിയാക്കി. ഭരണഘടനാ സംവിധാനങ്ങളെയെല്ലാം കാൽക്കീഴിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മതന്യൂനപക്ഷങ്ങൾക്കെതിരേ അക്രമം നടത്തുന്നവർക്കു കേന്ദ്രസർക്കാർ പിന്തുണ നൽകുന്നൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, എംഎൽഎമാരായ വി.കെ. പ്രശാന്ത്, കടന്നപ്പള്ളി രാമചന്ദ്രൻ, എൻജിഒ യൂണിയൻ പ്രസിഡന്റ് എം.വി. ശശിധരൻ, യൂണിയൻ ജനറൽസെക്രട്ടറി എം.എ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.