കെഎസ്യുവിലെ പ്രായപരിധി കഴിഞ്ഞവരെ യൂത്ത് കോണ്ഗ്രസ് ഭാരവാഹികളാക്കും
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: കെഎസ്യുവിലെ വിവാഹിതരേയും പ്രായപരിധി പിന്നിട്ടവരേയും യൂത്ത് കോണ്ഗ്രസ് ഭാരവാഹികളാക്കാൻ നിർദേശം. കെഎസ്യുവിൽ നിന്നു പിന്തള്ളപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങളുടെ കരടിനു രൂപമായി.
യൂത്ത് കോണ്ഗ്രസ് അംഗത്വവിതരണവും നാമനിർദേശപത്രിക സമർപ്പിക്കലും നാളെ മുതൽ ആരംഭിക്കും. കെഎസ്യു സംസ്ഥാന ഭാരവാഹികളായി വിവാഹിതരായവരെയും പ്രായപരിധി കഴിഞ്ഞവരെയും ഉൾപ്പെടുത്തിയതു വലിയ തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. കെഎസ്യു സംസ്ഥാന ഭാരവാഹികൾക്ക് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു നേരിട്ടു മത്സരിക്കാമെന്നതാണ് മാനദണ്ഡം.
ഈ നിബന്ധന അടിസ്ഥാനമാക്കി കെഎസ്യുവിൽ നിന്ന് ഒഴിവാകുന്നവരെ യൂത്ത് കോണ്ഗ്രസ് ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പാണു നൽകിയിട്ടുള്ളത്. കെഎസ്യു പുനഃസംഘടനയിലെ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസിയുടെ ചുമതല വഹിച്ചിരുന്ന വി.ടി.ബാലറാം, കെ.ജയന്ത് എന്നിവർ ചുമതല ഒഴിഞ്ഞിരുന്നു. പകരം കെഎസ്യുവിന്റെ ചുമതല കെപിസിസി നേതാക്കൾക്കു നൽകിയിട്ടില്ല. ആറു സ്ഥാനങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്താം.