പ്ലസ് വണ്‍: ജൂണ്‍ ഒൻപതുവരെ അപേക്ഷ സമർപ്പിക്കാം
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂണ്‍ ഒൻപതുവരെ. ജൂണ്‍ രണ്ടുമുതൽ ഒന്‍പതു വരെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മൂന്നുഘട്ടങ്ങളിലായുള്ള അലോട്ട്മെന്റിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് ജൂണ്‍ 19ന് നടക്കും. ട്രയൽ അലോട്ട്മെന്റ് 13നാണ്. പ്രധാന അലോട്ട്മെന്റുകൾ ജൂലൈ ഒന്നിന് അവസാനിക്കും. തുടർന്ന് പ്ലസ് വണ്‍ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. സപ്ലിമെന്ററി ഘട്ടം അലോട്ട്മെന്റ് ജൂലൈ 10 മുതൽ ഓഗസ്റ്റ് നാലുവരെയാണ്. ഈ അധ്യയനവർഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികൾ ഓഗസ്റ്റ് നാലിന് അവസാനിപ്പിക്കും.
സ്പോർട്സ് ക്വാട്ടാ പ്രവേശനം
സ്പോർട്സ് ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും ജൂണ്‍ ആറുമുതൽ 14 വരെ നടക്കും. സ്പോർട്സ് ക്വാട്ടാ മുഖ്യഘട്ട ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 19നാണ്.
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് ജൂലൈ ഒന്നിന്. സ്പോർട്സ് സപ്ലിമെന്ററി രജിസ്ട്രേഷൻ, വെരിഫിക്കേഷൻ ജൂലൈ മൂന്നുമുതൽ നാലുവരെ സ്പോർട്സിൽ ക്വാട്ടായിലെ അവസാന പ്രവേശനം ജൂലൈ ഏഴ്. ഒഴിവ് സീറ്റ് ഉണ്ടെങ്കിൽ മെറിറ്റിലേക്ക് മാറ്റും.
കമ്യൂണിറ്റി ക്വാട്ടാ: അപേക്ഷ വിതരണം 15 മുതൽ
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുള്ള അപേക്ഷ ജൂണ്‍ 15 മുതൽ വിതരണം ചെയ്യും. റാങ്ക് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ 26ന് ആരംഭിക്കും. ഇതിന്റെ സപ്ലിമെന്ററി ഘട്ടം ജൂലൈ രണ്ടിന് ആരംഭിച്ച് നാലിന് അവസാനിക്കും.പ്രവേശനം ജൂലൈ ആറിന് ആരംഭിച്ച് ജൂലൈ ഏഴിന് അവസാനിപ്പിക്കും. പിന്നീട് ഒഴിവുണ്ടായാൽ സീറ്റ് മെറിറ്റിലേക്ക് മാറ്റും.
മാനേജ്മെന്റ് ക്വാട്ടാ 26 മുതൽ
മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലേക്ക് മുഖ്യഘട്ടത്തിലെ പ്രവേശനം ജൂണ്‍ 26 മുതൽ ജൂലൈ നാലുവരെ. സപ്ലിമെന്ററി ഘട്ടം ജൂലൈ ആറുമുതൽ 26 വരെയായിരിക്കും. പിന്നീട് ഒഴിവുണ്ടായാൽ മെറിറ്റിലേക്ക് മാറ്റും.
അണ്എയ്ഡഡിൽ പ്രവേശനം ജൂണ്‍ 26 മുതലാണ്. ജൂലൈ നാലിന് മുഖ്യഘട്ടം അവസാനിക്കും. സപ്ലിമെന്ററി ഘട്ടം ജൂലൈ ആറിന് ആരംഭിച്ച് 26ന് സമാപിക്കും. പ്രവേശനം നേടിയവരുടെ ഓണ്‍ലൈൻ രജിസ്ട്രേഷനും അപ്പോൾ നടക്കും.