കണ്ണൂർ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരായ സ്വകാര്യ ഹർജി തള്ളി
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ മുഖ്യമന്ത്രിക്കു പണം നൽകിയതായോ മുഖ്യമന്ത്രി പണം വാങ്ങിയതായോ പരാതിയിൽ പറയുന്നില്ല. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന ആരോപണം അല്ലാതെ അതു തെളിയിക്കാവുന്ന ഒരു രേഖയും ഹർജിയിൽ ഇല്ല. ഇങ്ങനെ ഒരു നിയമനം നടത്തിയതിൽ മുഖ്യമന്ത്രിക്കു ലാഭം ഉണ്ടായെന്ന് പരാതിക്കാരൻ പറയുന്നു.
എന്നാൽ ഈ നിയമനം കൊണ്ട് മുഖ്യമന്ത്രിക്ക് എന്തു ലാഭം ഉണ്ടായെന്നു വ്യക്തമാക്കാൻ ഒരു തെളിവും ഹാജരാക്കിക്കാണുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. അഴിമതി നിരോധന നിയമവകുപ്പിൽ ഇക്കാരണത്താൽ പരാതി പരിഗണിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ കോടതി പരാമർശിക്കുന്നു.