പാലക്കയം കൈക്കൂലിക്കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
Wednesday, May 31, 2023 1:29 AM IST
മണ്ണാർക്കാട്: പാലക്കയം കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാർ നേരത്തേ ജോലിചെയ്തിരുന്ന ഓഫീസുകളിലും അന്വേഷണത്തിനു സർക്കാർ ഉത്തരവ്.
പരിശോധന നടത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചാണു റവന്യൂ വകുപ്പിന്റെ ഉത്തരവ്. റവന്യൂ ജോയിന്റ് സെക്രട്ടറി ജെ. ബിജു, സെക്ഷൻ ഓഫീസർ ലിബു ബാബു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്. നിഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലെ അംഗങ്ങൾ.
സംഘത്തിന്റെ സുഗമമായ പ്രവർത്തനത്തിനു വാഹനം അനുവദിക്കുന്നതിനും പാലക്കാട് കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിംഗിലെ സീനിയർ സൂപ്രണ്ട്, ജൂണിയർ സൂപ്രണ്ട്, ക്ലാർക്ക് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനും കളക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
അറസ്റ്റിലായ വി. സുരേഷ്കുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാറിൽനിന്ന് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സന്പാദ്യമാണു വിജിലൻസ് ടീം റെയ്ഡിൽ പിടിച്ചെടുത്തത്.
സുരേഷ്കുമാർ നിലവിൽ റിമാൻഡിലാണ്. അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം അന്വേഷണം ഊർജിതപ്പെടുത്തും.