കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചൻ
Tuesday, May 30, 2023 1:43 AM IST
റവ. ഡോ.കെ.എം. ജോർജ്
തലശേരി കടലിന്റെ തിരകൾപോ ലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകൾ ആനന്ദത്തിന്റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങൾ പത്തുപേർ. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആർപി) യിലെ അംഗങ്ങളാണ് ഞങ്ങൾ.
നിരവധി ദിവ്യദാനങ്ങളാൽ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചൻ ഏതാണ്ട് ഒരുവർഷം മുന്പേ ഞങ്ങളെ തലശേരിക്കു ക്ഷണിച്ചതാണ്. അവിടെ സെന്റ് ജോസഫ് സെമിനാരിയിൽനിന്നു കടലിലേക്ക് നീളുന്ന പടവുകൾ ഇറങ്ങിച്ചെല്ലുന്പോൾ കാണുന്ന വൻ പാറയിലിരുന്ന് ഞങ്ങളുടെ വാർഷികസംഗമം.
‘വരയോളം’ എന്നു പേരിട്ട ശില്പശാലയ്ക്കുവേണ്ടി എല്ലാ സജ്ജീകരണങ്ങളും അച്ചൻ ചെയ്തിരുന്നു. പഴയ കൊളോണിയൽ കെട്ടിടത്തിന്റെ വിശാലമായ ഇടനാഴികളിലും വരാന്തകളിലും കാൻവാസുകൾ ഉറപ്പിച്ച ഞങ്ങൾക്കിടയിൽ ഒരു ചിത്രശലഭംപോലെ ഉല്ലാസം വഴിഞ്ഞ് മനോജ് അച്ചൻ പാറിനടന്നു. തീരത്തെ പാറക്കെട്ടിലിരുന്ന് ഞങ്ങൾ അസ്തമയവും നിശാകാശവും കണ്ടു. ആദ്യദിവസം യാദൃച്ഛികമായി വന്നെത്തിയ അതിഥി കവി പി. രാമനോടൊപ്പം പാറക്കെട്ടിലിരുന്ന മണിക്കൂറുകൾ ഓർക്കുന്നു.
തന്റെ സ്വതസ്സിദ്ധമായ ഗംഭീരശബ്ദത്താൽ രാമൻ മാഷ് കവിതകൾ പാടി. ഓളങ്ങൾക്കൊപ്പം താളമിട്ട മനോജ് അച്ചൻ ആനന്ദമൂർച്ചയിലായി. വരയും ചിരിയും ധ്യാനവും പ്രാർഥനയുമായി ഞങ്ങൾ ചെലവഴിച്ച ദിവസങ്ങളിൽ മനോജ് അച്ചൻ അതീവസന്തുഷ്ടനായി കാണപ്പെട്ടു.
റെക്ടർ അച്ചൻ മനോജച്ചന്റെ കഴിവുകളെക്കുറിച്ചും സേവനരീതികളെക്കുറിച്ചും വാചാലനായത് ഓർക്കുന്നു. അതീവ ദുഃഖിതമായ ഹൃദയത്തോടും നിറഞ്ഞ മിഴികളോടുംകൂടി പ്രിയ സ്നേഹിതന് യാത്രാവന്ദനം നൽകാനായിരുന്നല്ലോ കഴിഞ്ഞയാഴ്ച അദ്ദേഹം ഞങ്ങളെ തലശേരിയിൽ ക്ഷണിച്ചുവരുത്തിയത് എന്നു ചിന്തിച്ചുപോകുന്നു.
കടലും കലയും നൽകിയ ആനന്ദത്തിനപ്പുറം മാലാഖമാരുടെ ചിറകടി ശബ്ദം കേട്ട്, ദിവ്യസംഗീതമുതിർക്കാൻ അച്ചൻ വിളിക്കപ്പെട്ടിരിക്കുന്നു. പ്രിയ സഹോദരാ, സമാധാനത്തോടെ പോകുക.