അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ചു
Tuesday, May 30, 2023 1:43 AM IST
അഞ്ചൽ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ആയൂർ മലപ്പേരൂർ അഴകത്ത് വീട്ടിൽ റോയ് ചാക്കോ-ആശ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തു നിന്ന് അപ്പാർട്ട്മെന്റിലേക്കു പോകവേ അജ്ഞാത യുവാവ് നിറയൊഴിക്കുകയായിരുന്നു.
ബിബിഎ വിദ്യാർഥിയായ ജുഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തു വരികയായിരുന്നു. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. കുടുംബം 30 വർഷമായി അമേരിക്കയിലാണ് സ്ഥിരതാമസം. മോഷണശ്രമത്തിനിടെ വെടിയേറ്റതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്കാര ചടങ്ങുകൾ ഫിലാഡൽഫിയയിൽ നടക്കും.