കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട: പത്തു കോടി രൂപയുടെ ഹെറോയിൻ പിടികൂടി
Tuesday, May 30, 2023 1:43 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 1.5 കിലോഗ്രാം ഹെറോയിനുമായി കിഴക്കൻ ആഫ്രിക്കയിലെ ബറൂ ണ്ടി എന്ന രാജ്യത്തുനിന്നു യുവതിയെ പിടികൂടി.
കെനിയയുടെ തലസ്ഥാനമായ നയ്റോബിയിൽനിന്നു ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ വന്ന യുവതിയുടെ പേര് യവേറ്റെ നഹിമന എന്നാണു പറഞ്ഞിട്ടുള്ളത്.
ഇന്ത്യൻ വിപണിയിൽ ഏകദേശം പത്തു കോടി വിലമതിക്കുന്ന മയക്കുമരുന്ന് ചെക്ക് ഇൻ ബാഗിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. സമീപകാലയളവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
യുവതി ഇന്നലെ പുലർച്ചെ 3.10 നാണ് കൊച്ചിയിൽ വിമാനമിറങ്ങിയത്. രഹസ്യവിവരത്തെത്തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയിൽ കാത്തുനിന്നാണ് പിടികൂടിയത്.
പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘം ഉണ്ടെന്നാണു നിഗമനം. മുൻകാലങ്ങളിൽ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിട്ടുള്ള മയക്കുമരുന്നിൽ 90 ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണു കൊണ്ടുവന്നിട്ടുള്ളത്.
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഇവരെല്ലാം കാരിയർമാരാണെന്ന് വ്യക്തമായിട്ടുണ്ട്. പിടിയിലായ യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.