വേന്പനാട്ട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി
Tuesday, May 30, 2023 1:43 AM IST
മങ്കൊമ്പ്: വിനോദ സഞ്ചാരികളുമായി സർവീസ് നടത്തുന്നതിനിടെ വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് മുങ്ങി. അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലോടെ വേമ്പനാട്ട് കായലിൽ ചിത്തിര കായലിനു സമീപത്താണ് അപകടം നടന്നത്.
തമിഴ്നാട് സ്വദേശികളായ മൂന്ന് സഞ്ചാരികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഒറ്റമുറിയുള്ള ഹൗസ്ബോട്ട് മുങ്ങിത്താഴുന്നതു കണ്ടു സ്പീഡ് ബോട്ടുകളിലെത്തിയവരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
കാലപ്പഴക്കം ചെന്ന ഹൗസ്ബോട്ട് മണൽത്തിട്ടയിലിടിച്ചതിനെത്തുടർന്ന് പലകയിളകിയതാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. പലകകൾക്കിടയിൽ വലിയ വിടവുണ്ടാകാതിരുന്നതിനാൽ ശക്തമായതോതിൽ വെള്ളം ബോട്ടിലേക്കു ഇരച്ചുകയറിയില്ല. ഇതുമൂലം ബോട്ടു മുങ്ങിത്താഴുന്നതിനു സമയമെടുത്തു. രക്ഷാപ്രവർത്തനത്തിനും ഇതു സഹായകമായി. ബോട്ടുടമയിൽ നിന്നു മറ്റൊരാൾ വാടകയ്ക്കെടുത്താണ് സർവീസ് നടത്തിയിരുന്നത്.