വികസനം തുല്യമായി എത്തിക്കുക ബിജെപി നയം: കേന്ദ്രമന്ത്രി ശോഭ കരന്തലജെ
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: വികസനം തുല്യമായി എല്ലായിടത്തും എത്തിക്കുകയാണ് ബിജെപിയുടെ നയമെന്നു കേന്ദ്രമന്ത്രി ശോഭ കരന്തലജെ. എൻഡിഎ സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ മാധ്യമകൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തെ ലോകയശസ്സിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്തുന്നില്ലെന്നും അവർ പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ കൈമാറാത്ത സംസ്ഥാന സർക്കാർ നടപടിയാണ് ഇതിനു തടസമായി നിൽക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ കേന്ദ്രമന്ത്രി അക്കമിട്ട് നിരത്തി. ഒരു എംപിയോ എംഎൽഎയോ പോലും കേരളത്തിൽ നിന്ന് ബിജെപിക്ക് കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ല. കേന്ദ്രാവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്ന് പരിപാടിയിൽ പ്രസംഗിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് സംസ്ഥാനമന്ത്രിമാരും ചില ഇടതുപക്ഷ ബുദ്ധിജീവികളും പറയുന്നത് കളവാണെന്ന് പരിപാടിയിൽ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ടതായാലും മറ്റ് ഗ്രാൻഡുകളായാലും കേന്ദ്രസർക്കാർ കൃത്യസമയത്തു തന്നെ കേരളത്തിന് നൽകുന്നുണ്ട്.
കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനപദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതിയെന്നും സുരേന്ദ്രൻ പറഞ്ഞു.