വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു
Tuesday, May 30, 2023 12:24 AM IST
രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ മേരിക്കുട്ടി ജെയിംസ്(ബിൻസി എസ്എച്ച് - 50) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം രാജകുമാരിയിൽനിന്നു പലചരക്ക് സാധനങ്ങൾ വാങ്ങി കൂടെയുണ്ടായിരുന്ന സിസ്റ്റർ അൽഫോൻസയോടൊപ്പം ഓട്ടോറിക്ഷയിൽ മഠത്തിലേക്ക് പോകുന്ന വഴി രാജകുമാരി സെന്റ് മേരീസ് സ്കൂളിന് മുൻവശത്ത് വച്ച് എതിരേ നിയന്ത്രണംവിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സിസ്റ്റർ അൽഫോൻസയ്ക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കുണ്ട്.
ഗുരുതര പരിക്കേറ്റ സിസ്റ്റർ ബിൻസിയെ ആദ്യം അടിമാലി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ചികിത്സ. മരുന്നുകളോട് പ്രതികരിക്കാതിരുന്നതിനാലാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ യുപി വിഭാഗം അധ്യാപികയായ സിസ്റ്റർ ബിൻസി നെടുങ്കണ്ടം കറുകപ്പിള്ളിൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് വൈകുന്നേരം കാന്തിപ്പാറ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.
രാത്രി ഒന്പതോടെ രാജമുടി പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10ന് രാജമുടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ കാർമികത്വത്തിൽ ആരംഭിക്കുന്നതും തുടർന്ന് മഠം വക സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.