പ്രവേശനോത്സവം ജൂണ്‍ ഒന്നിന്
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടത്തുമെന്നും സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ഒരുങ്ങൾ നടത്തിയതായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മലയിൽകീഴിൽ നടത്തും. സ്കൂൾതലം, ജില്ലാതലം എന്നിങ്ങനെയും പ്രവേശനോത്സവം സംഘടിപ്പിക്കും.
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എല്ലാ സ്കൂളുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഏതെങ്കിലും സ്കൂളുകളിൽ ക്ലാസുകൾ മറ്റു വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ആണ് പ്രവർത്തിക്കുന്നതെങ്കിൽ ഈ കെട്ടിടങ്ങൾകൂടി പരിശോധിച്ച് ഫിറ്റ്നസ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.