കാട്ടാനശല്യം: മലന്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു
Tuesday, May 30, 2023 12:24 AM IST
മലന്പുഴ: വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം കാണുക, കാട്ടാന ഉൾപ്പെടെവന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം, കർഷകസംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മലന്പുഴയിലെ വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിച്ചു.
ഇന്നലെ രാവിലെ ഏഴിന് തുടങ്ങിയ ഉപരോധം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാത്ത സാഹചര്യമുണ്ടായതിനെത്തുടർന്ന് മലന്പുഴ - പാലക്കാട് പ്രധാന റോഡ് തടയാൻ സമരക്കാർ തീരുമാനിച്ചു.
പ്രകടനമായി നീങ്ങുന്നതിനിടയിൽ ഡിഎഫ്ഒ എത്തി സമരക്കാരുമായി ചർച്ച ചെയ്യാമെന്നു സമ്മതിച്ചു. തുടർന്ന് എ. പ്രഭാകരൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ഡിഎഫ്ഒയുമായി ചർച്ച നടത്തി. നിലവിൽ ആനകളെ അയ്യപ്പൻ മലയിലേക്കു കയറ്റിവിട്ടതായും വീണ്ടും തിരിച്ചിറക്കാതിരിക്കാൻ ആനകൾ സ്ഥിരം വരുന്ന വഴികളിൽ ആർആർടിയുടെ പിക്കറ്റ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
നിലവിലുള്ള വൈദ്യുതി ഫെൻസിംഗ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. ആന നാശനഷ്ടം വരുത്തിയ കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകും.
ആവശ്യത്തിനുള്ള ജീവനക്കാരെ മറ്റ് റേഞ്ചിൽ നിന്നെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും ഡിഎഫ്ഒ ജനപ്രതിനിധികളെ അറിയിച്ചു.