സ്കൂൾ കായികമേള ഇനി ഭിന്നശേഷിക്കാർക്കും
Tuesday, May 30, 2023 12:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികൾക്കു കൂടി സ്കൂൾ കായികമേളകളിൽ പങ്കെടുക്കുന്നതിന് ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ തയാറാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കും സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കു കായികമത്സരങ്ങളിൽ പങ്കെടുക്കാൻ സ്കൂൾതലം മുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണിത്.
കേരളാ സ്കൂൾ സ്പോർട്സ് മാനുവലിന്റെ ഭാഗമായിരിക്കും ഇൻക്ലൂസീവ് സ്പോർട്സ് മാനുവലും. ഇവർക്കായുള്ള മത്സരങ്ങൾ പ്രത്യേകമായിരിക്കും. ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തുന്ന ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. അന്തർദേശീയ തലത്തിലെ പാരാലിന്പിക്, ഡ്വാർഫ് ഗെയിംസ്, സ്പെഷൽ ഒളിന്പിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃകയും പരിഗണിച്ചാണ് മാനുവൽ തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.