പുതിയ സ്കൂള്‍ വര്‍ഷത്തില്‍ നിയമനാംഗീകാരം കാത്ത് 15,000 അധ്യാപകര്‍
Tuesday, May 30, 2023 12:24 AM IST
ബിജു കുര്യൻ
പത്തനംതിട്ട: പുതിയ സ്കൂള്‍ വര്‍ഷം വ്യാഴാഴ്ച ആരംഭിക്കാനിരിക്കേ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിയമനം കാത്ത് 15,000 ഓളം അധ്യാപകര്‍. ഹൈക്കോടതിയില്‍ നിന്ന് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിന്റെ പേരില്‍ 2018 നവംബര്‍ 18 മുതല്‍ നടത്തിയ നിയമനങ്ങള്‍ക്കാണ് അംഗീകാരം വൈകുന്നത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഈ അധ്യാപകര്‍ അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ പ്രത്യക്ഷ സമരപരിപാടികളിലേക്കു കടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്‍പി മുതല്‍ ഹൈസ്കൂള്‍ വരെ ജോലിയെടുക്കുന്നവരാണ് ഇവർ.
തസ്തിക നിര്‍ണയം പൂര്‍ത്തീകരിച്ച് 2021 ജൂലൈ 15 മുതല്‍ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് വിഷയം കലുഷിതമായത്. 2018 മുതല്‍ നടത്തിയ നിയമനങ്ങളിലൂടെ ജോലിയില്‍ പ്രവേശിച്ചവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതോടെ കുരുക്കിലായത്. എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം പാലിക്കേണ്ടതാണെന്ന മുന്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍.
1996 മുതല്‍ 2017 ഏപ്രില്‍ 18 വരെ മൂന്നു ശതമാനവും 2017 ഏപ്രില്‍ 19 മുതല്‍ നാലു ശതമാനവും ഭിന്നശേഷി സംവരണം പാലിക്കുന്ന ക്രമത്തില്‍ റോസ്റ്റര്‍ തയാറാക്കി അര്‍ഹരായ ഭിന്നശേഷിക്കാരെ നിയമിച്ചെങ്കില്‍ മാത്രമേ തുടര്‍ നിയമനങ്ങള്‍ അംഗീകരിക്കൂവെന്ന നിലപാട് സര്‍ക്കാര്‍ ഇതോടെ കൈക്കൊണ്ടു. ഇതിനോടു യോജിക്കാന്‍ എയ്ഡഡ് മാനേജ്മെൻറുകള്‍ തയാറായില്ല.
സര്‍ക്കാര്‍ ഉത്തരവു പ്രകാരം ആദ്യ നിയമനം തന്നെ ഭിന്നശേഷിക്കാരനു നല്‍കാനാകില്ലെന്ന് അവര്‍ പറയുന്നു. സംസ്ഥാനത്തെ പല മാനേജ്മെന്റുകള്‍ക്കു കീഴിലും വളരെക്കുറച്ച് നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാല്‍ നിലവിലെ നിയമനങ്ങള്‍ ഭൂരിഭാഗവും അപ്രസക്തമാകും.
നിയമനങ്ങള്‍ക്ക് താത്കാലിക അംഗീകാരം നല്കി ശമ്പളം നല്കാന് ഹൈക്കോടതി മാര്‍ച്ച് 13ന് ഉത്തരവിട്ടതാണ്. നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും അനുകൂലമായ തീരുമാനമാണുണ്ടായത്. എന്നാല്‍ ഇതു പാലിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആശയക്കുഴപ്പം രൂക്ഷമാക്കുകയാണുണ്ടായതെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭിന്നശേഷി ഉദ്യോഗാര്‍ഥി സംവരണ ഒഴിവില്‍ പ്രവേശിക്കുന്നതുവരെഅവരുടെ ഒഴിവില്‍ തുടരുന്നവര്‍ യോഗ്യരാണെങ്കില്‍ താത്കാലികമായി അംഗീകരിച്ച് നിശ്ചിത സ്കെയില്‍ പ്രകാരം ശമ്പളം നല്‍കാമെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം.
യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിക്കുന്ന മുറയ്ക്ക് നിലവിലുള്ളവര്‍ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. 2021 നവംബര്‍ ഏഴിനു ശേഷമുണ്ടായ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഭിന്നശേഷി സംവരണം പാലിക്കുമ്പോള്‍ ക്രമപ്രകാരമാണെങ്കില്‍ ദിവസവേതന അടിസ്ഥാനത്തില്‍ തുടരുന്നവരെ നിയമന തീയതി മുതല്‍ റെഗുലറായി ക്രമീകരിക്കാനുമാകും.
ഹൈക്കോടതി ഉത്തരവ് പാലിച്ചുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാമായിരുന്നുവെന്നും നാലു ശതമാനം ഭിന്നശേഷി സംവരണം തുടക്കത്തിലേ വേണമെന്നത് സര്‍ക്കാരിന്റെ ദുര്‍വാശി മാത്രമാണെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് പറഞ്ഞു. നിയമനം ലഭിച്ച അധ്യാപകര്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലിയെടുക്കുകയാണ്. ഇവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭവും നിയമപോരാട്ടവും കെപിഎസ്ടിഎ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.