സ്പീക്കറുടെ ഓഫീസിലെ സംഘർഷം: അവകാശലംഘന നോട്ടീസുകൾ പ്രിവിലേജ്, എത്തിക്സ് കമ്മിറ്റി പരിശോധിക്കും
Saturday, May 27, 2023 1:05 AM IST
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു ഭരണ- പ്രതിപക്ഷ അംഗങ്ങൾ നൽകിയ അവകാശ ലംഘന നോട്ടീസുകൾ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട് സ്പീക്കർ.
മാർച്ച് 16ന് കഴിഞ്ഞ നിയമസഭ സമ്മേളന കാലത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ എംഎൽഎമാർക്കെതിരേ വ്യാജ പരാതി നൽകിയ അഡീഷണൽ ചീഫ് മാർഷൽ അടക്കമുള്ളവർക്കെതിരേ രമേശ് ചെന്നിത്തല നൽകിയ അവകാശ ലംഘന നോട്ടീസ് നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കും.
പ്രതിപക്ഷ എംഎൽഎമാർക്കെതിരേ നിയമസഭയിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, സർജന്റ് അസിസ്റ്റന്റ് ഷീന എന്നിവർ പോലീസിൽ പരാതി നൽകിയിരുന്നു. മർദനത്തിൽ ഷീനയുടെ കൈയ്ക്കു പരിക്കേറ്റുവെന്നു പറഞ്ഞായിരുന്നു പരാതി നൽകിയത്. എന്നാൽ, കൈയ്ക്കു പൊട്ടലോ പരിക്കോ ഇല്ലെന്നാണു മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരേ കേസെടുത്ത മ്യൂസിയം സ്റ്റേഷനിലെ എസ്ഐ പി.ഡി. ജിജുകുമാറിനെതിരേയും നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തലയുടെ അവകാശ ലംഘന നോട്ടീസിൽ നിർദേശിച്ചിരുന്നു.
സ്പീക്കറെ തടസപ്പെടുത്തി പ്രതിഷേധിക്കുകയും വാച്ച് ആൻഡ് വാർഡിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ എംഎൽഎമാർക്കെതിരേ നടപടി ആവശ്യപ്പെട്ടു ഭരണപക്ഷത്തെ വി.കെ. പ്രശാന്ത് നൽകിയ അവകാശ ലംഘന നോട്ടീസും സ്പീക്കർ, പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.